തെരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയെ പരിസ്ഥിതിസൗഹൃദ തെരഞ്ഞെടുപ്പാക്കി മാറ്റാനൊരുങ്ങുകയാണ് ജില്ലാഭരണകൂടം. പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യവുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസിന്‍െറയും ജില്ലാ ശുചിത്വ മിഷന്‍െറയും സഹകരണത്തോടെ ജില്ലാ ഭരണകൂടം ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു. പോളിങ് ബൂത്തുകള്‍, തെരഞ്ഞെടുപ്പ് ഓഫിസുകള്‍, വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രചാരണ കേന്ദ്രങ്ങള്‍ തുടങ്ങിയവ മാലിന്യരഹിത മേഖലകളാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് അജൈവവസ്തുക്കള്‍ ഒഴിവാക്കാനും ജൈവവസ്തുക്കളോ പുനരുപയോഗം സാധ്യമായവയോ ഉപയോഗിക്കാനുമാണ് നിര്‍ദേശം. ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി പ്രചാരണം പരിസ്ഥിതിസൗഹൃദമാക്കും. എല്ലാ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളും ഗ്രീന്‍ സോണുകളായി പ്രഖ്യാപിക്കാന്‍ എല്ലാ മണ്ഡലത്തിലും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കാണ് പദ്ധതി ചുമതല ഏര്‍പ്പെടുത്തുക. ഗ്രീന്‍ വളന്റിയേഴ്സ്, പോളിങ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഹരിത തെരഞ്ഞെടുപ്പിനെപ്പറ്റി ശുചിത്വമിഷന് പരിശീലനം നല്‍കും. ജില്ലയിലെ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അംഗങ്ങളെ ഗ്രീന്‍സോണുകളില്‍ ഗ്രീന്‍ വളന്റിയര്‍മാരായി രംഗത്തിറക്കും.
ഗ്രീന്‍ വളന്റിയര്‍മാര്‍ പോളിങ് ബൂത്തിന്‍െറ പരിധിയില്‍വരുന്ന സ്ഥലങ്ങള്‍ നിരീക്ഷിച്ച് അവ മാലിന്യമുക്തമാണെന്ന് ഉറപ്പുവരുത്തുകയും പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ വോട്ടര്‍മാരെ ബോധവത്കരിക്കുകയും ചെയ്യും. റിട്ടേണിങ് ഓഫിസര്‍മാര്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പിന്തുടരുന്നുവെന്ന് ഉറപ്പാക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ളാസ്റ്റിക്, ഫ്ളക്സുകള്‍ എന്നിവ നിരോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കും. തെരഞ്ഞെടുപ്പ് പരിശീലനവേളയിലും തെരഞ്ഞെടുപ്പ് സമയത്തും ഉദ്യോഗസ്ഥര്‍ക്കായി നല്കുന്ന ഭക്ഷണം, വെള്ളം എന്നിവ സ്റ്റീല്‍പാത്രങ്ങളില്‍ എത്തിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കും. ഇതിന് വേസ്റ്റ്ബിന്‍ സ്ഥാപിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിന് പരിസ്ഥിതിസൗഹൃദപരമായ തുണിയോ മുളയോ കൊണ്ടുള്ള ബാനറുകളും ബോര്‍ഡുകളും ഉപയോഗിക്കണം. തെരഞ്ഞെടുപ്പിനുശേഷം എല്ലാ പ്രചാരണവസ്തുക്കളും നീക്കി ശാസ്ത്രീയമായി സംസ്കരിക്കണമെന്നും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശിക്കുന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.