Home » ധനം » പുതിയ ബിസിനസ് സംരംഭവുമായി വിജയരാഘവന്‍ കോഴിക്കോട്ടേക്ക്

പുതിയ ബിസിനസ് സംരംഭവുമായി വിജയരാഘവന്‍ കോഴിക്കോട്ടേക്ക്

ക്യാമറക്കു മുന്നിലെ ജീവിതം കോഴിക്കോട്ടു വെച്ച് ആരംഭിച്ച നടനാണ് കോഴിക്കോട്ടുകാര്‍ ഏറെ സ്‌നേഹത്തോടെ വിളിക്കുന്ന കുട്ടേട്ടനെന്ന നടന്‍ വിജയരാഘവന്‍. അതേ സ്‌നേഹം തിരിച്ച് കോഴിക്കോടിനോടും വിജയരാഘവനുള്ളതിനാല്‍ സിനിമാ ചിത്രീകരണങ്ങള്‍ക്കുമപ്പുറം ബിസിനസ് സംരംഭവുമായി വീണ്ടും കോഴിക്കോടെത്തുകയാണ് നടന്‍. നടക്കാവില്‍ ഇംഗ്ലീഷ് പള്ളിക്കു സമീപം ‘3എം കാര്‍ കെയര്‍’ എന്ന സ്ഥാപനവുമായാണ് വിജയരാഘവന്‍ കോഴിക്കോട്ടെത്തുന്നത്.

ബിസിനസില്‍ സഹായിക്കാന്‍ മകന്‍ ദേവദേവനും മരുമകന്‍ സനല്‍ ജി നായരുമുണ്ട്. 23ന് രാവിലെ 11.30ന് നടന്‍ ബിജുമേനോന്‍ ഉദ്ഘാടനം ചെയ്യും. മൂന്നു വര്‍ഷമായി കൊച്ചിയില്‍ 3എം കാര്‍ കെയര്‍ നടത്തുന്ന വിജയരാഘവന്‍ കേരളത്തിലെ രണ്ടാമത്തെ ഷോറൂം ആരംഭിക്കാനാലോചിച്ചപ്പോള്‍ കോഴിക്കോടെന്ന ആ പഴയ വിശ്വാസവും ബന്ധവും തന്നെയായിരുന്നു കോഴിക്കോടിനെ തെരഞ്ഞടുക്കാന്‍ വിജയരാഘവനെ പ്രേരിപ്പിച്ചത്.
1982ല്‍ ‘ സുറുമയിട്ട കണ്ണുകള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങനായി കാപ്പാട് എത്തിയപ്പോള്‍ മുതലുള്ള സൗഹൃദ ബന്ധങ്ങളും കോഴിക്കോടിനുള്ള വിശ്വാസവും ഇന്നും നിലനിര്‍ത്തി കൊണ്ടുപോകുകയാണ് വിജയരാഘവന്‍്. കോഴിക്കോട്ടുകാര്‍ക്കുള്ള സ്‌നേഹവും അവരുടെ ആതിഥ്യമര്യാദയും പിന്നെ കോഴിക്കോടന്‍ ബിരിയാണിയും ഹല്‍വയുമെല്ലാം തന്നെ കോഴിക്കോടിന്റെ ഭാഗമാക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ
കേരളത്തിലെ ഏറ്റവും നല്ല കലാസ്വാദകരുടെ നാട് കോഴിക്കോടാണെന്ന് അഭിപ്രായപ്പെടുന്ന വിജയരാഘവന്‍ ഇനി തന്റെ ഒരു ഭാഗം കോഴിക്കോടിനൊപ്പമാക്കുകയാണ്.

Leave a Reply