Home » സാമൂഹികം » ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല;വി എം സുധീരനെതിരെ ഹരീഷ് വാസുദേവന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല;വി എം സുധീരനെതിരെ ഹരീഷ് വാസുദേവന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ മന്ത്രിമാരുടെ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്ന വിവാദ  ഉത്തരവില്‍ വിഎം സുധീരന് നടത്തിയ ഇടപെടലുകള്‍ക്ക് മറുപടിയായി ഹരീഷ് വാസുദേവന്‍റെ മറുപടി ഫെയ്സ്ബുക്കില്‍ വൈറലാവുന്നു.

വിവരാവകാശ നിയമത്തില്‍ വിഐപികളെ കുറിച്ചുള്ള വാര്ത്തകള്‍ ലഭിക്കില്ല എന്ന ഉത്തരവ് വിജ്ഞാപനം റദ്ദാക്കണമെന്ന് കാണിച്ച് ഉമ്മന്‍ചാണ്ടിക്ക് കത്തയക്കുകയും ശേഷം ഉത്തരവ് റദ്ദാക്കിയതായി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ ആ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് അഡ്വ. ഡിബി ബിനു നല്‍കിയ വിവരാവകാശത്തില്‍ വിജിലന്‍സ് പറയുന്നത്. വിഐപികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നാണ് വിജിലന്‍സ് പറയുന്നത്. ഇതേ സംബന്ധിച്ച് ഹരീഷ് വാസുദേവനാണ് പോസ്റ്റിട്ടത്. ബിനു വിവരാവകാശത്തിന് നല്‍കിയ കോപ്പികളുടെ ഫോട്ടോ സഹിതമാണ് ഹരീഷ് പോസ്റ്റിട്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിഎസ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി തനിക്കെതിരെ നിലനില്‍ക്കുന്ന കേസുകളുടെ കണക്കുകള്‍ കാണിക്കണം എന്ന് മുഖ്യമന്തി വിഎസിനോട് ചോദിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷിന്റ പോസ്റ്റ് വൈറലാവുന്നത്.

ഹരീഷ് വാസുദേവന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രിയ ശ്രീ.വി.എം സുധീരന്‌,

ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുന്നതിനാണ്‌ സർക്കാരിനു അധികാരങ്ങൾ നൽകിയിരിക്കുന്നത്‌. ആ അധികാരം ദുരുപയോഗിക്കുന്നതും അതുവഴി പൊതുസമൂഹത്തിനു നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന പ്രവർത്തി “അഴിമതി” എന്ന ഗണത്തിൽപ്പെടുത്തി ക്രിമിനൽ കുറ്റമായി കൈകാര്യം ചെയ്യുന്ന നിയമമാണല്ലോ അഴിമതി നിരോധന നിയമം. ഈ നിയമത്തിന്റെ കീഴിൽ അഴിമതിക്കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ്‌ വിജിലൻസ്‌ & അഴിമതിവിരുദ്ധ ബ്യൂറോ എന്ന് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. അതിൽ മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നതരായ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പ്രതികളായ കേസുകൾ അന്വേഷിക്കുന്നതിനു പ്രത്യേക ‘T’ വിഭാഗമുണ്ട്‌ വിജിലൻസിൽ.

യു.ഡി.എഫ്‌ സർക്കാരിന്റെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയ്ക്കും മന്ത്രിമാർക്കും എതിരായി മുൻപ്‌ ഒരു സർക്കാരിനുമെതിരെ ഇല്ലാത്തവിധം അഴിമതിക്കേസുകളാണ്‌ വിജിലൻസ്‌ ഇപ്പോൾ അന്വേഷിക്കുന്നത്‌. ഇതിൽപ്പലതും വിജിലൻസ്‌ സ്വമേധയാ അന്വേഷിക്കുന്നില്ല എന്നുകണ്ട്‌ വിഷമം തോന്നിയ നിഷ്പക്ഷരായ, നികുതിപ്പണം കൊടുക്കുന്ന പൗരന്മാർ കോടതിയിൽപ്പോയി, കേസെടുത്ത്‌ അന്വേഷിക്കാൻ മാത്രം ഗൗരവമുള്ള കുറ്റം മന്ത്രിമാർ ചെയ്തിട്ടുണ്ടെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തിയ ശേഷം കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് വിജിലൻസ്‌ അന്വേഷിക്കുന്ന കേസുകളാണ്‌. ആ കേസുകളെ സംബന്ധിച്ച യാതൊരു വിവരങ്ങളും വോട്ടുചെയ്ത്‌ ജയിപ്പിക്കുന്ന ജനം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ നൽകേണ്ടതില്ല എന്ന് ഒരു വിജ്ഞാപനം, അവസാനകാലത്ത്‌ ഉമ്മൻചാണ്ടി മന്ത്രിസഭ പുറപ്പെടുവിച്ചു എന്നത്‌ ഞെട്ടലോടെയാണ്‌ താങ്കളടക്കമുള്ള മലയാളികൾ അറിഞ്ഞത്‌ !!

വോട്ടർമ്മാരുടെ ചെലവിൽ തിന്നുമുടിച്ച്‌ 5 വർഷം ഭരിച്ചതും പോരാ, അഴിമതി നടത്തി ആ വോട്ടർമ്മാരെ പറ്റിച്ചതും പോരാ, അത്‌ അന്വേഷിക്കുന്ന വിജിലൻസ്‌ വിഭാഗത്തെ ഇരുമ്പുമറകെട്ടി അടച്ച്‌, ആ വിവരങ്ങൾ ജനങ്ങൾക്ക്‌ നിഷേധിക്കാം എന്നുകൂടി തീരുമാനിക്കുന്ന ഒരു സർക്കാർ ജങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുകയല്ലേ !!

സ്വാതന്ത്ര്യം കിട്ടി 69 വർഷം കഴിഞ്ഞു. എന്റെ നികുതിപ്പണം കട്ട മന്ത്രിമാർക്കെതിരായ എന്റെ നികുതിപ്പണം ചെലവാക്കി നടക്കുന്ന അന്വേഷണം എങ്ങനെ നടക്കുന്നു എന്ന വിവരം നിയമപ്രകാരമുള്ള ഫീസടച്ചാൽ എന്റെ ചെലവിൽ അറിയാനുള്ള അവകാശം പോലും ഒരു പൗരനു നിഷേധിക്കുകയാണെങ്കിൽ പിന്നെ എന്ത്‌ സ്വാതന്ത്ര്യത്തെപ്പറ്റിയാണ്‌, എന്ത്‌ ജനാധിപത്യത്തെപ്പറ്റിയാണ്‌ സുധീരൻ സാറേ നിങ്ങളീ പാവം കഴുതകളോട്‌ പ്രസംഗിക്കുന്നത്‌??

ഇതൊക്കെ ബോദ്ധ്യമായിട്ടാവണം, ആ വിവാദ ഉത്തരവും വിജ്ഞാപനവും പിൻവലിക്കാൻ ഒരുമാസം മുൻപ്‌ അങ്ങ്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചതും ആ വാർത്ത മാദ്ധ്യമങ്ങൾക്ക്‌ നൽകിയതും, എന്നു ഞാൻ കരുതുന്നു. അതിൽ ഏറെ സന്തോഷമുണ്ട്‌. അതിനു പിന്നാലെ, വിവാദ ഉത്തരവ്‌ പിൻവലിക്കുകയാണ്‌ എന്നാണ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പത്രസമ്മേളനത്തിൽ പരസ്യമായി പറഞ്ഞത്‌. ഒരു മാസം കഴിഞ്ഞിട്ടും, നാളിതുവരെ പ്രസ്തുത ഉത്തരവ്‌ പിൻവലിച്ചിട്ടില്ല എന്നറിയുമ്പോഴാണ്‌ ഉമ്മൻചാണ്ടിയെന്ന രാഷ്ട്രീയക്കാരൻ കുടിച്ചവെള്ളത്തിൽപ്പോലും വിശ്വസിക്കാൻ കൊള്ളാത്ത, സ്വന്തം ജനങ്ങളെ പച്ചക്കള്ളം പറഞ്ഞു പറ്റിക്കുന്ന ഒരാളാണ്‌ എന്ന് സാമാന്യബോധമുള്ള ആർക്കും തോന്നുന്നത്‌.

മുഖ്യമന്ത്രിയുടെ വാക്കും വിശ്വസിച്ച്‌,
മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പേരിലുള്ള അഴിമതിക്കേസുകളെ സംബന്ധിച്ച വിവരങ്ങൾ കിട്ടാൻ വിവരാവകാശനിയമ പ്രകാരം അഡ്വ.ഡി.ബി.ബിനു ഒരപേക്ഷ നൽകി. അഡ്വ.ബിനുവിനു വിജിലൻസ്‌ വകുപ്പയച്ച മറുപടി കത്താണിവിടെ. വിവാദ ഉത്തരവ്‌ പിൻവലിച്ചതുകൊണ്ടുള്ള ഒരു കത്തും കിട്ടിയിട്ടില്ല എന്നും, അതിനാൽ വി.ഐ.പി കളെപ്പറ്റിയുള്ള അന്വേഷണ വിവരങ്ങൾ തരാൻ കഴിയില്ലെന്നുമാണ്‌ വിജിലൻസിന്റെ മറുപടി !!

വോട്ടു ചെയ്യുകയും കൃത്യമായി നികുതി കൊടുക്കുകയും ചെയ്യുന്ന സാധാരണക്കാരിൽ നിന്നും ഈ തെരഞ്ഞെടുപ്പു കഴിയുന്നതു വരെയെങ്കിലും മന്ത്രിമാരുടെ അഴിമതിക്കേസുകൾ സംബന്ധിച്ച ഫയലുകൾ പൂഴ്ത്തി വെയ്ക്കാം എന്ന് തീരുമാനിക്കുന്ന ഉമ്മൻചാണ്ടിയുടെയും കൊള്ള സംഘത്തിന്റെയും ഭരണം തുടരണം എന്നാണോ ശ്രീ.സുധീരൻ അങ്ങ്‌ ആവശ്യപ്പെടുന്നത്‌? ഭരണകക്ഷി നേതാവായ അങ്ങയുടെ പോലും കത്തിനു കടലാസിന്റെ വിലപോലും കൽപ്പിക്കാത്ത ഉമ്മൻചാണ്ടിയ്ക്കു വേണ്ടിയാണോ അങ്ങ്‌ വോട്ടു ചോദിക്കുന്നത്‌? അഴിമതിരഹിതമായ, സംശുദ്ധമായൊരു രാഷ്ട്രീയത്തിന്റെ വക്താവായ താങ്കൾക്ക്‌ ഈ അഴിമതിക്കാരെ ചുമക്കാൻ ഇപ്പോൾ വന്നു പെട്ടിരിക്കുന്ന ഈ ദുരവസ്ഥ എന്റെ ശത്രുക്കൾക്ക്‌ പോലും ഉണ്ടാവല്ലേ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

വിവരാവകാശനിയമം ഉണ്ടാക്കാൻ മുൻകൈ എടുത്ത ശ്രീമതി.സോണിയാ ഗാന്ധിയുടെ ശ്രദ്ധയിൽ അങ്ങീ വിഷയം കൊണ്ടുവരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഒപ്പം ഇതിനോടുള്ള അങ്ങയുടെ നിലപാടുകൂടി കേരളജനതയെ അറിയിക്കണം എന്നും ഞാൻ അഭ്യർത്ഥിക്കുന്നു. നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന, നഷ്ടപ്പെടാൻ ഇനിയൊരു ഇമേജ്‌ പോലുമില്ലാത്ത ഉമ്മൻചാണ്ടിയെപ്പോലെയല്ല ആദർശ്ശധീരനായ അങ്ങയുടെ രാഷ്ട്രീയഭാവി എന്ന് എനിക്ക്‌ ബോദ്ധ്യമുള്ളതിനാലാണ്‌, ഈ കത്ത്‌ ഉമ്മൻചാണ്ടിയെ അഭിസംബോധന ചെയ്ത്‌ എഴുതുന്നതിനു പകരം അങ്ങേയ്ക്ക്‌ എഴുതിയത്‌.

കോൺഗ്രസ്‌ പാർട്ടിയിൽ ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അങ്ങീ കൊള്ളയ്ക്ക്‌ കൂട്ടു നിൽക്കുന്നില്ല എന്ന് പ്രഖ്യാപിക്കണം. അഴിമതി കേസുകൾ സംബന്ധിച്ച ഫയലുകൾ ജനത്തെ കാണിക്കണം. ഈ ഓട്ടത്തിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുകയും വേണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

സസ്നേഹം,
ഹരീഷ്‌ വാസുദേവൻ.

rti

rt

 

Harish Vasudevan Sreedevi's photo.

 

Leave a Reply