രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വേനല്‍ കനത്തതോടെ സംസ്ഥാനങ്ങളൊട്ടാകെ ഭീതിയിലാണ്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ പാചകം ചെയ്യാന്‍ പാടില്ലെന്ന് ബീഹാര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ചൂട് കൂടിയതോടെ വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അപൂര്‍വ്വമായ പരിഹാരവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
വെയിലിന്റെ ചൂട് കനക്കുന്നതിനാല്‍ തീപിടുത്തവും വരള്‍ച്ചയും കൂടുകയാണ്. വരണ്ട ഭൂമിയില്‍ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അഗ്നി ഉപയോഗിച്ചുള്ള മതപരമായ ചടങ്ങുകള്‍ക്കും ബീഹാറില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബീഹാറില്‍ പലയിടങ്ങളിലും നേരത്തെ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജഹ്നാബാദില് 200 ഓളം കുടിലുകള്‍ കഴിഞ്ഞയാഴ്ച കത്തി നശിച്ചിരുന്നു. ചെറിയ തീപ്പൊരി വീണതാണ് ഇതിനു കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
വളരെ അപകടം പിടിച്ച സ്ഥിതിയിലാണ് ബീഹാറിലെ ജനങ്ങള്‍ കഴിയുന്നത്. പാചകം ചെയ്യരുതെന്ന നിര്‍ദ്ദേശം നിരവധി സര്‍വെ നടത്തിയതിനു ശേഷമാണ് നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വ്യാസ്ജി അറിയിച്ചു. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നതിനെക്കുറിച്ച് വ്യക്തമല്ല. എല്ലാവരും ഇതിനോട് യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
