വിദ്യാര്‍ത്ഥികളുടെ സര്ഗ്ഗാത്മകളുടെയും കലാസൃഷ്ടികളുടെയും വേദിയാണ് കലോത്സവങ്ങള്‍. എന്നാല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ഇന്റര്‍സോണ്‍ കലോത്സവം വെറും ഒരു ചടങ്ങു മാത്രം. ഏപ്രില്‍ 27 മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ വെച്ചു നടക്കുന്ന ഇന്റര്‍സോണ്‍ കലോത്സവം പേരിനു മാത്രമായി അവശേഷിക്കുന്നു. മൂന്ന് ദിവസങ്ങളിലായി തുടരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവ നടത്തിപ്പില്‍ യൂണിയന് വലിയ പരാജയമാണെന്നാണ് ആരോപണം. കലാസൃഷ്ടികളുടെ ഉത്സവപ്പറമ്പായിരിക്കും കലോത്സവ വേദികള്‍. നിരവധി വേദികളില്‍ നിന്ന് നിര്‍ത്താതെ കേട്ടുകൊണ്ടിരിക്കുന്ന അനൗണ്‍സ്മെന്റുകളും പരിപാടിയുടെ അവതരണ ശബ്ദങ്ങളും വിദ്യാര്‍ഥികളുടെ തിരക്കും ഉണ്ടാകേണ്ട സമയത്ത് നിരവധി സര്‍ഗ്ഗാത്മകതകള്‍ക്ക് വേദിയായ കാലിക്കറ്റ് യൂണിവേഴിസിറ്റി കാമ്പസ് ഇന്റര്‍സോണ്‍ കലോത്സവത്തിന് വേദിയായപ്പോള്‍ ആളൊഴിഞ്ഞ കസേരകളും അവിടിടങ്ങിലായി നില്ക്കുന്ന വിദ്യാര്‍ത്ഥികളും ഇതാണ് കാഴ്ച.
സംഘാടനപ്പിഴവു കൊണ്ട് ഒരു യൂണിവേഴ്സ്റ്റി കലോത്സവത്തെ അങ്ങേയറ്റം അപമാനിച്ചിരിക്കുകയാണ്. വെക്കേഷന് മുന്നേ നടത്തേണ്ട കലോത്സവം വെക്കേഷന് തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങാതെ അവസാന സമയത്ത് നടത്തുന്ന സംഘാടനപ്പിഴവാണ് കലോത്സവത്തിന്റെ ഏറ്റവും വലിയ പരാജയം. കലോത്സവം ഏറെ വൈകിയതിനാല്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ കലോത്സവപ്പങ്കാളിത്തം കൊണ്ടും കാണികളില്ലാത്തതും കതോത്സവത്തിനെ മങ്ങലേല്‍പ്പിച്ചു.
മതിയായ സൗകര്യങ്ങളില്ലാതെയാണ് വേദികളൊരുക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി. വിദ്യാര്‍ഥികള്‍ക്ക് മെയ്ക്കപ്പ് ചെയ്യാനുള്ള വേണ്ടത്ര സൗകര്യം പോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണ് വിദ്യാര്‍ത്ഥികള്‍. പരിപാടിയുടെ കൃത്യത പാലിക്കുന്നതിലും യൂണിയന് വലിയ വീഴ്ചയാണ് സംഭവിച്ചത്. പരിപാടി ആരംഭിക്കാനായി സമയമേറെ കാത്തിരിക്കേണ്ടി വന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രാവിലെ പത്ത് മണിയോടെ ആരംഭിക്കേണ്ട മത്സരങ്ങള്‍ ഉച്ചയായിട്ടും ആരംഭിക്കാത്തത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ നിരാശയിലാക്കി.
രാത്രിവെളിച്ചത്തില്‍ നടത്തേണ്ട നാടകമത്സരങ്ങള്‍ ഉള്‍പ്പെടെ പകല്‍വെളിച്ചത്തില്‍ നടത്തി മത്സരത്തെ അപമാനിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാസങ്ങളുടെ പ്രയത്നഫലമാണ് കലോത്സവ മത്സരങ്ങള്‍. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആ പ്രയത്നങ്ങള്‍ക്ക് ഒട്ടും വിലകല്‍പ്പിക്കാതെയാണ് കലോത്സവം നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ യൂണിയനിലെ സംഘടനാ വിഭാഗീയതയും സംഘാടകരുടെ തമ്മില്‍തല്ലും കലോത്സവത്തില്‍ തുടര്‍ച്ചയായ അടിപിടിയും വാക്കേറ്റവും കലോത്സവത്തെ മോശമായി ബാധിച്ചു.
ഏപ്രില്‍ ആദ്യവാരം നടക്കേണ്ടിയിരുന്ന കലോത്സവം യൂണിയനകത്ത് എംഎസ്എഫും കെഎസ് യുവും തമ്മിലുള്ള ഭിന്നതകാരണം മുടങ്ങിയിരുന്നു. യൂണിയനില്‍ സാമ്പത്തികക്രമക്കേടുകളെണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എംഎസ്എഫും കെ എസ് യുവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ബി സോണ്‍ കലോത്സവും വലിയ പരാജയമായിരുന്നു. റോഡുകളിലും വഴിയോരങ്ങളിലുമായാണ് ബി സോണ്‍ കലോത്സവും നടന്നത്. വ്യാപക പരാതികളായിരുന്നു ബി സോണിനെ കുറിച്ച് ഉയര്‍ന്നത്. വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികള്‍ക്ക് നല്ല വേദിയൊരുക്കികൊടുക്കേണ്ട യൂണിയന് ഇത്രയും മോശമായി നടത്തുന്നത് വിദ്യാര്‍ഥികളെയും കലോത്സവത്തെയും അപമാനിക്കലാണ്. വലിയ ആഘോഷത്തോടെ വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ പോത്സാഹിപ്പിച്ചു കൊണ്ടും അവരവരുടെ സര്‍ഗ്ഗാത്മകതകള്‍ പങ്കുവെക്കുകയും അതിനെ സ്വാഗതം ചെയ്തു കൊണ്ടും നടത്തേണ്ട കലാസൃഷ്ടിയെ കേവലം ഒരു സ്റ്റേജ് പ്രോഗ്രാമിലൊതുക്കി കലോത്സവത്തെ തരംതാഴ്ത്തുകയാണെന്ന് കലോത്സവ അന്തരീക്ഷം പറയുന്നുണ്ട്.