Home » ഇലക്ഷന്‍ » മുനീറിനെതിരെ സ്ഥാനാര്‍ത്ഥിത്വം; ഇന്ത്യാവിഷന്‍ റെസിഡന്റ് ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുന്നു

മുനീറിനെതിരെ സ്ഥാനാര്‍ത്ഥിത്വം; ഇന്ത്യാവിഷന്‍ റെസിഡന്റ് ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുന്നു

ഇന്ത്യാവിഷന്‍ ചാനല്‍ പ്രവര്‍ത്തനം നിലച്ചതോടെ   പ്രതിസന്ധിയിലായ ഇന്ത്യാവിഷന്‍ ജീവനക്കാരുടെ പ്രതിനിധിയായി ചാനലില്‍  ഡ്രൈവറായിരുന്ന എകെ സാജന്‍ കോഴിക്കോട് സൗത്തില്‍   എം കെ മുനീറിനെതിരെ   മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. മെയ് 6ന് വൈകീട്ട് മൂന്നു മണിക്ക് കലൂര്‍ റണ്‍വാള്‍ സെന്ററില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. ചാനല്‍ നിലച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തൊഴിലാളികളെ പിരിച്ചു വിട്ടെന്ന് അറിയിക്കുകയോ, പുനസംപ്രേക്ഷണം സംബന്ധിച്ച് യാതൊരു ഉറപ്പുമോ നല്‍കാത്ത ഇന്ത്യവിഷന്‍ മാനേജ്‌മെന്റ് എകെ സാജന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായ ഘട്ടത്തിലാണ് അടിയന്തര യോഗം വിളിക്കാന്‍ നിര്‍ബന്ധിതമായത്. ജീവനക്കാരുടെ ശമ്പളകുടിശ്ശിക പിഎഫ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കാത്ത മാനേജ്‌മെന്റ് എകെ സാജന് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ പിന്തുണയേറുന്ന സാഹചര്യത്തിലാണ് മുനീറിനു വേണ്ടി ഇത്തരമൊരു യോഗമെന്ന് ഇന്ത്യാവിഷനിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ചാനല്‍ പുനസംപ്രേക്ഷണം സംബന്ധിച്ചും ശമ്പളകുടിശ്ശിക സംബന്ധിച്ചും വാഗ്ദാനം നല്‍കി മുനീറിനെതിരെയുള്ള സ്ഥാനാര്‍ത്ഥി വിഷയത്തില്‍ നിലപാട് മയപ്പെടുത്തണമെന്ന് ജീവനക്കാരോട് യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് സൂചന. അതേ സമയം ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട ചര്‍ച്ചയിലുടനീളം തൊഴിലാളി വിരുദ്ധ നിലപാടു സ്വീകരിച്ച എംകെ മുനീറിനോട് സന്ധിയില്ലെന്ന നിലപാടിലാണ് ഇന്ത്യാവിഷന്‍ ജീവനക്കാര്‍. വരും ദിവസങ്ങളില്‍ സാജനുവേണ്ടി  ചാനല്‍ ജീവനക്കാരുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നതിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുന്നത്.

Leave a Reply