Home » ഇൻ ഫോക്കസ് » നവ്യാനുഭവങ്ങള്‍ പകര്‍ന്ന് ‘ഖസാക്കിന്റെ ഇതിഹാസം’ കോഴിക്കോട്ടേക്ക്

നവ്യാനുഭവങ്ങള്‍ പകര്‍ന്ന് ‘ഖസാക്കിന്റെ ഇതിഹാസം’ കോഴിക്കോട്ടേക്ക്

തെരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ നിന്ന് അല്പം മാറി കോഴിക്കോട്ടെ സംസ്‌കാരിക ലോകം മഹത്തായ മറ്റൊരു ദൗത്യത്തിലാണ്. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയുടെ നാടകഭാഷ്യം വിസ്മയകരമായ ദൃശ്യ വിരുന്നിലൂടെ അവതരിപ്പിക്കുന്ന ഖസാക്ക് നാടകത്തിന്റെ പ്രദര്‍ശനം മെയ് 23,24,25 ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറുകയാണ്. റാസ്‌ബെറി ബുക്‌സും മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന നാടകത്തിന്റെ ഭാഗമായി ഒ വി വിജയനെക്കുറിച്ചും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുമുള്ള സമൃദ്ധമായ ചര്‍ച്ചകളും ചിത്രപ്രദര്‍ശനങ്ങളും പ്രചരണങ്ങളൊക്കെയായി മറ്റൊരു സാംസ്‌കാരിക ഇതിഹാസം സൃഷ്ടിക്കുകയാണ് കോഴിക്കോട്ടെ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍.

തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതി അവതരിപ്പിക്കുന്ന ഖസാക്കിന്റെ സംവിധാനം ദീപന്‍ ശിവരാമനാണ്. പരമ്പരാഗത നാടക സങ്കല്‍പ്പങ്ങളില്‍ നിന്നുള്ള മാറി നടക്കലും, അനിതര സാധാരണമായ ദൃശ്യ, ശബ്ദ വിന്യാസങ്ങളുമാണ് കേരളത്തിലെ നാടക കലാ സാംസ്‌കാരിക മേഖലയില്‍ ഖസാക്കിനെ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായത്.
തൃക്കരിപ്പൂരും, തൃശ്ശൂരും, ബാംഗ്ലൂരിനും ശേഷം കേരളത്തിലെ ഒരു മെട്രോ സിറ്റിയില്‍ ആദ്യമായി അവതരിപ്പിക്കുന്നതും, സവിശേഷമായ അനുബന്ധ പരിപാടികളുമാണ് ഖസാക്ക്@ കോഴിക്കോടിനെ വ്യത്യസ്തമാക്കുന്നത്.
അനുബന്ധ പരിപാടികളുടെ ഭാഗമായി ഒ വി വിജയന്‍ സ്മൃതി എന്ന പേരില്‍ റസാഖ് കോട്ടക്കല്‍, പി മുസ്തഫ, ബി ജയചന്ദ്രന്‍ എന്നിവര്‍ പകര്‍ത്തിയ വിജയന്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടന്നു. എന്‍എസ് മാധവന്റെ ഒ വി വിജയന്‍ അനുസ്മരണ പ്രഭാഷണം, നാടകകലയുടെ ദൃശ്യഭാഷാ എന്ന വിഷയത്തില്‍ ദീപന്‍ ശിവരാമന്റെ പ്രഭാഷണം എന്നിവയും നടന്നു.
കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക ലോകത്ത് ഇതുവരെ നടക്കാത്ത രൂപത്തില്‍ ‘വിജയന്‍ സ്മൃതിയും’, ചര്‍ച്ചകളും സംവാദങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ ഒ വി വിജയന്‍ എന്ന പ്രതിഭയെ ഓര്‍ത്തെടുക്കുകയാണ് ഖസാക്ക്@ കോഴിക്കോട്ടിലൂടെ.

ഖസാക്ക് നാടകപാസുകള്‍ www.catchMyseat.com എന്ന വെബ് സൈറ്റ് വിലാസത്തില്‍   ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിവരങ്ങള്‍ക്ക് 82 81 23 52 02, 94 46 57 40 07 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply