നാടക, സിനിമ, സീരിയല്‍ നടനായ മുരുകേഷ് കാക്കൂര്‍(47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 2012ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്ക് കാക്കൂരിലെ വസതിയില്‍ വെച്ചാണ് സംസ്കാരം.
കായംകുളം കൊച്ചുണ്ണി, വൃദ്ധാവനം, ദേവരാഗം തുടങ്ങി അനവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പള്ളിക്കൂടം എന്ന ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. കുറിയിടത്ത് താത്രി എന്ന നാടകത്തില്‍ മുരുകേഷ് നാല് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള അംഗീകാരം ഈ നാടകത്തിന് ലഭിച്ചു. വടകര വരദ, തൃശ്ശൂര്‍ മണപ്പുറം കാര്‍ത്തിക, കോഴിക്കോട് ദര്‍ശന, കലിംഗ തീയേറ്റേഴ്സ് തുടങ്ങി പ്രമുഖ നാടക ഗ്രൂപ്പുകളുടെ ഭാഗമായി 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈഗാള്‍ പാടുകയാണ്, മുല്ലവള്ളിയും തേന്മാവും, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തോളം കാലം സംസ്ഥാന സ്കൂള്‍ കലോത്സവ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ മോണോ ആക്ട് പരിശീലിപ്പിച്ച് സമ്മാനാര്ഹമാക്കിയിട്ടുണ്ട്. നിരവധി കലാസാംസ്കാരിക സാഹിത്യ പ്രവര്‍ത്തകര്‍ ആദരാഞ്ജലിയര്‍പ്പിക്കാനായി കാക്കൂരിലെ വസതിയിലെത്തി.