Home » ഇൻ ഫോക്കസ് » താരത്തിളക്കം ഇടത്തോട്ട്; പത്തനാപുരത്ത് ഗണേഷ് കുമാര്‍ വിജയിച്ചു

താരത്തിളക്കം ഇടത്തോട്ട്; പത്തനാപുരത്ത് ഗണേഷ് കുമാര്‍ വിജയിച്ചു

കേരളം ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ പത്തനാപുരത്ത് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഒരു സിനിമാ ലൊക്കേഷൻ പോലെയായി മാറിയ പത്തനാപുരത്ത് ഒടുവിൽ താരമായത് ഇടതു മുന്നണിയുടെ നായകൻ കെബി ഗണേഷ് കുമാറാണ്. ഐക്യജനാധിപത്യ മുന്നണിയ്ക്ക് വേണ്ടി മത്സരിച്ച ജഗദീഷ്, എൻഡിഎയിലെ ഭീമൻ രഘു എന്നിവരെ പരാജയപ്പെടുത്തി 24332 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗണേഷ് കുമാർ പത്തനാപുരം സ്വന്തമാക്കിയത്. ഗണേഷിനൊപ്പം തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ഉറച്ചുനിന്ന പത്തനാപുരം ഇത്തവണയും ഗണേഷിനെ കൈവിട്ടില്ല.
ഗണേഷ് കുമാറും ജഗദീഷും തമ്മിലുള്ള വ്യക്തിപരമായ ആരോപണങ്ങളോടെയായിരുന്നു പത്തനാപുരത്തെ പ്രചരണ പരിപാടികളുടെ തുടക്കം. പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ മോഹൻലാൽ അടക്കമുള്ള താരങ്ങൾ ഗണേഷ് കുമാറിനായി വോട്ട് പിടിക്കാനെത്തിയത് പത്തനാപുരത്തെ മത്സരത്തിന്റെ കടുപ്പം വർദ്ധിപ്പിച്ചു. മോഹൻലാലിന്റെ ഇടപെടലിൽ പ്രതിഷേധിച്ച് സലീം കുമാർ അമ്മയിലെ അംഗത്വം രാജിവെച്ചു. താരമണ്ഡലങ്ങളില്‍ പോയി പക്ഷം പിടിയ്ക്കരുതെന്ന സംഘടന നിര്‍ദ്ദേശം മോഹന്‍ലാല്‍ പാലിച്ചില്ലെന്നാണ് പ്രധാന പരാതി.
ഇതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി ജഗദീഷും രംഗത്തെത്തി.  താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണെന്ന് പറഞ്ഞ് അമ്മയുടെ പ്രസിഡന്റും എംപിയുമായ നടന്‍ ഇന്നസെന്റും രംഗത്തുവന്നു.

Leave a Reply