സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമായ ആറന്മുളയില് ഇടതുപക്ഷ സ്ഥാനാർത്ഥി വീണ ജോർജിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ശിവദാസന്‍ നായരെ 7561 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വീണ ജോർജ് മുന്നിലെത്തിയത്.
മാധ്യമലോകത്ത് നിറഞ്ഞ് നിന്ന വീണ ജോര്‍ജിന്റെ ആറന്മുളയിലെ സ്ഥാനാര്‍ത്ഥിത്വം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിയമസഭയില്‍ വനിതാ ജനപ്രതിനിധികളെ അപമാനിച്ച ശിവദാസന്‍നായര്‍ക്കെതിരെ വനിതാ മാധ്യമപ്രവര്‍ത്തക മത്സരിക്കുന്നതുകൊണ്ടുതന്നെ കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട മണ്ഡലമായിരുന്നു ആറന്മുള . തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായിട്ടായിരുന്നു ആറന്മുള വിധിയെഴുതിയത്.
2000ല്‍ കൈരളി ചാനലില്‍ ജേര്‍ണലിസ്റ്റ് ട്രെയ്നിയായാണ് വീണ ജോര്‍ജ് ജോലിയില്‍ പ്രവേശിച്ചത്. ‘പിജിയും ലോകവും’ പരിപാടിയുടെ അസി. പ്രൊഡ്യൂസറായി. മലയാള ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യ ലൈവ് ടെലിവിഷന്‍ ചര്‍ച്ച കൈരളി ചാനലില്‍ വനിതാ ദിനത്തോടനുബന്ധിച്ച് നടത്തി. രണ്ടുവര്‍ഷം പത്തനംതിട്ട കാതോലിക്കറ്റ് കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മനോരമ ന്യൂസില്‍ സബ് എഡിറ്ററായി.
മാധ്യമപ്രവര്‍ത്തനരംഗത്ത് വീണ ജോര്‍ജ് എന്നും തന്റേതായ ഇടം കണ്ടെത്തിയിരുന്നു. മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനില്‍ ചീഫ് ന്യൂസ് എഡിറ്റര്‍ പദവിയിലെത്തിയ വീണ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടിയുള്ള ക്യാമ്പയിനില്‍ ഉള്‍പ്പെടെ അവഗണിക്കപ്പെടുന്നവര്ക്കുവേണ്ടിയുള്ള മാധ്യമശ്രമങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ് വീണ ജോര്‍ജ്. ആദ്യം മനോരമ ന്യൂസിലും പിന്നീട് ദീര്‍ഘകാലം ഇന്ത്യാവിഷനിലും പ്രവര്‍ത്തിച്ച വീണ അടുത്തിടെയാണ് റിപ്പോര്‍ട്ടറില്‍ എത്തിയത്. ഇതിനിടെ ഹ്രസ്വമായ കാലയളവില്‍ ടിവി ന്യൂ ചാനലിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറിക്കുകൊള്ളുന്ന ചോദ്യങ്ങളും ആഴത്തിലുള്ള വിശകലനങ്ങളുംകൊണ്ട് വ്യത്യസ്തയായ വീണ ജോര്‍ജ് രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി മുപ്പതോളം പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.
