തെരഞ്ഞെടുപ്പ് മാനദണ്ഡമാക്കി അളക്കാവുന്നതല്ല ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പ്രസക്തി. സമൂഹം നേരിടുന്ന വിഷയങ്ങളോടുള്ള പ്രസ്ഥാനത്തിന്റെ നിലപാടുകളും, പ്രതീക്ഷയര്‍പ്പിക്കുന്ന ജനതയ്ക്ക് പ്രസ്ഥാനം നല്കുന്ന പ്രത്യയശാസ്ത്ര ഇന്ധനവുമാണ് ഓരോ പാര്‍ട്ടിയുടെയും പ്രസക്തി വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിന്റെ വലതുവത്ക്കരണം ചൂണ്ടിക്കാട്ടി ചുവപ്പിന് ചുവപ്പ് പോരെന്ന് പറഞ്ഞവർ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ നിന്നുവേണം ആര്‍എംപിയെ പരിശോധിക്കാന്‍. ഇരട്ടച്ചങ്കുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ ടിപി ചന്ദ്രശേഖരന് തുടങ്ങിയ പ്രസ്ഥാനമിന്ന് അണികള്‍ക്കുപോലും പിടികിട്ടാത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. വിഎസ് മുന്നോട്ട് വെക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് എന്ന ആശയത്തെ പിന്‍പറ്റി ജില്ലാനേതൃത്വത്തോട് പോരിനുറച്ച് ടിപി ചന്ദ്രശേഖരന് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍, കമ്മ്യൂണിസം രക്തത്തിലലിഞ്ഞ ഒരു ഗ്രാമമൊട്ടാകെ ആ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്നു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആരെന്ന ആശയക്കുഴപ്പത്തിന് മുന്നില്‍ ടിപി ചന്ദ്രശേഖരൻ എന്ന ഒരു ജനപക്ഷ മാതൃക തന്നെയായിരുന്നു സത്യത്തില്‍ ആര്‍എംപി.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആണ് ആര്‍എംപി ആദ്യമായി രംഗത്തിറങ്ങുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും അഡ്വ പി സതീദേവിയും മാറ്റുരച്ച അങ്കത്തില്‍ ആര്‍എംപിക്കു വേണ്ടി ടിപി ചന്ദ്രശേഖരന് തന്നെ കളത്തിലിറങ്ങി. മുല്ലപ്പള്ളി രാമചന്ദ്രന് അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് സതീദേവിയെ പരാജയപ്പെടുത്തിയപ്പോൾ ആര്‍എംപി സ്ഥാനാര്‍ത്ഥി ടിപി ചന്ദ്രശേഖരന് 21,833 വോട്ട് നേടി. ആര്‍എംപി രൂപീകരണത്തിന് പുറമെ ജനതാദൾ തര്‍ക്കവും ഇടതിന് വടകരയില്‍ തിരിച്ചടിയായി. 2010ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും വടകര മണ്ഡലത്തില്‍ യുഡിഎഫ് മുന്‍തൂക്കം നേടി. എന്നാല്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നിഷ്പ്രയാസം ജയിക്കുമെന്ന് കരുതിയെങ്കിലും എല്‍ഡിഎഫിലെ സികെ നാണു 847 വോട്ടിനു ജയിച്ചു. 2011ലെ ഈ തെരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് 10,098 വോട്ടാണ് ലഭിച്ചത്. എന്‍ വേണുവായിരുന്നു സ്ഥാനാര്‍ത്ഥി.
2012 മെയ് നാലിനുണ്ടായ ടിപി വധം വടകരയിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ ചലനങ്ങളാണുണ്ടാക്കിയത്. എന്നാല്‍ 2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം കൊയ്തതാവട്ടെ യുഡിഎഫും. മുല്ലപ്പള്ളി രാമചന്ദ്രന് 15,341 വോട്ടിന് എ എന്‍ ഷംസീറിനെ പരാജയപ്പെടുത്തിയപ്പോള്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് (പി കുമാരന്‍കുട്ടി) 7570 വോട്ടുകള്‍ മാത്രമാണ്. 2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഇതിന്റെ നേട്ടം കൊയ്തു. ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയാകുമെന്ന് പ്രതീക്ഷിച്ച ആര്‍എംപി 2009ല്‍ ടിപി മരിച്ചപ്പോള്‍ നേടിയ 21,833 എന്ന വോട്ടില്‍ നിന്നും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എത്തിയത് 7570 എന്ന നിലയിലേക്കാണ്.
പ്രതീക്ഷയാകുമെന്ന് വിശ്വസിക്കുന്ന പ്രസ്ഥാനം യുഡിഎഫിനെ വളര്‍ത്തുന്ന ബി ടീമാകുന്നെന്ന വിമര്‍ശനം വിഎസ് ഉള്‍പ്പെടെ ഉയര്‍ത്തുന്ന ഘട്ടം വന്നതോടെ ആര്‍എംപിയുടെ പ്രസക്തിയെക്കുറിച്ച് ചോദ്യമുയര്‍ന്നു കഴിഞ്ഞിരുന്നു. വിശ്വസിച്ച ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ നിലപാടുകളിലടിയുറച്ച് നിന്ന ടിപിയുടെ പ്രസ്ഥാനത്തെ വലതുപാളയത്തിലേക്കുള്ള വഴിമരുന്നാക്കിയ ഇപ്പോഴത്തെ ആര് എം പി നേതൃത്വം തന്നെയാണ് പ്രതിക്കൂട്ടിലാവുക. പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ടിപിയുടെ നാമം ആര്എംപിയേക്കാള് യുഡിഎഫ് ഉപയോഗിച്ചു എന്നതാണ് വസ്തുത. ഓരോ രക്തസാക്ഷിത്വവും ഉലയൂതി കാത്തുസൂക്ഷിച്ച് പ്രസ്ഥാനത്തിന് ഇന്ധനമാകണമെന്ന് പഠിപ്പിച്ച കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പക്ഷേ അന്ധമായ സിപിഐഎം വിരോധത്തിന് മുന്നില്‍ നേതൃത്വം മറന്നതോടെ ആര്‍എംപി എന്തിനെന്ന ചോദ്യം ബാക്കിയായിരുന്നു.
ടിപി ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന ആര്‍എംപിയുടെ രാഷ്ട്രീയ പ്രാധാന്യം കാത്തുസൂക്ഷിക്കാന്‍ പോലും കെകെ രമയും എന്‍ വേണുവും ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ നേതൃത്വത്തിനായില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെകെ രമയിലൂടെ ആര്‍എംപിക്ക് വോട്ടുകള്‍ ഇരട്ടിയാക്കാനായെങ്കിലും ഫലത്തില്‍ ഇത് എല്‍ഡിഎഫിനെയാണ് സഹായിച്ചത്. 2011ല്‍ 10,098 വോട്ട് നേടിയ ആര്‍എംപി ഇത്തവണ 20,504 വോട്ട് നേടി. അതേ സമയം 2011ല്‍ വെറും 847 വോട്ടിന് കടന്നുകൂടിയ ജനദാതള്‍ എസിന്റെ സികെ നാണു ഭൂരിപക്ഷം 9511 ആക്കി വര്‍ദ്ധിപ്പിച്ചു. ടിപി ചന്ദ്രശേഖരന് 2009ല്‍ നേടിയത് കൃത്യമായ രാഷട്രീയ വോട്ടുകളാണെങ്കില്‍ ഇത്തവണ അങ്ങനെയാണെന്ന് ആര്‍എംപിക്കു പോലും അഭിപ്രായമുണ്ടാകില്ല. രമ വോട്ട് നേടിയപ്പോള്‍ യുഡിഎഫിനാണ് വോട്ടുകള്‍ കുറഞ്ഞത്. 2011ല്‍ 46,065 വോട്ട് നേടിയ യുഡിഎഫ് 39,700ആയി കുറഞ്ഞു. ആര്‍എംപിയുടെ ശക്തമായ സാന്നിധ്യമാണ് വടകരയില്‍ യുഡിഎഫിന് തിരിച്ചടിയായതെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ഇത് ഭാവിയില്‍ ഏതൊക്കെ രീതിയില്‍ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
ഒഞ്ചിയം പഞ്ചായത്ത് ആര്‍എംപി ഇപ്പോള്‍ ഭരിക്കുന്നത് മുസ്ലീംലീഗ് പിന്തുണയോടെയാണ്. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചേറോട്, പഞ്ചായത്തുകളിലെല്ലാം യുഡിഎഫുമായി ആര്‍എംപി ഉണ്ടാക്കിയ നീക്കുപോക്ക് അങ്ങാടിപ്പാട്ടാണ്. ആര്‍എംപി മത്സരിക്കുന്ന വാര്‍ഡുകളില്‍ മത്സരിക്കാതെ മാറിനിന്നായിരുന്നു ഈ വിട്ടുവീഴ്ച. ഇത്തരം നീക്കുപോക്കുകള്‍ക്കെതിരെ യുഡിഎഫില്‍ നിന്നും ആര്‍എംപിയില്‍ നിന്നും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് എന്ന സംവിധാനത്തിന് തെരഞ്ഞെടുപ്പ് മാത്രമാണ് അജണ്ടയെങ്കില്‍ ആര്‍എംപിക്ക് മുന്നില്‍ അങ്ങനെയാണോ എന്നതാണ് ചോദ്യം.
കുറ്റ്യാടിയില്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2087 വോട്ട് നേടിയ ആര്‍എംപി ഇപ്പോള്‍ നേടിയത് 220 വോട്ടാണ്. ഒരു പക്ഷേ ടിപി വധക്കേസില്‍ പ്രതിയായിരുന്ന
പി മോഹനന്റെ ഭാര്യയോടുള്ള പ്രതികാരമാണെന്ന ന്യായീകരണമുണ്ടാകാം. പക്ഷേ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നു പ്രഖ്യാപിച്ച് പ്രാദേശികമായി രൂപംകൊണ്ട പ്രസ്ഥാനം നിരന്തരം യുഡിഎഫിന്റെ കൈയ്യിലെ ചുറ്റികയാകുമ്പോള്‍ നഷ്ടപ്പെടുക അതിന്റെ അസ്ഥിത്വമാണ് എന്നവര്‍ തിരിച്ചറിയുന്നില്ല. ജീവിച്ചിരുന്ന ടിപി ചന്ദ്രശേഖരന് സംഘനയ്ക്കുണ്ടാക്കിയെടുത്ത രാഷട്രീയ വിശുദ്ധി തിരിച്ചിറിയാന്‍ പക്ഷേ പിന്നീടുള്ള നേതൃത്വത്തിനായില്ല.
ടിപിയെ ഇല്ലാതാക്കിയതില്‍ സിപിഐഎമ്മിനുള്ള പങ്കില്‍ പ്രതികാരം തോന്നുന്നത് സ്വാഭാവികമാണ്. ടിപി എന്തിവുവേണ്ടി രൂപീകരിച്ച പ്രസ്ഥാനമാണ് ആര്‍എംപി എന്ന് തിരിച്ചറിയാതെപോയ ഇപ്പോഴുള്ള നേതൃത്വത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസമില്ലായ്മയാണ് ആര്‍എംപിയുടെ ഭാവി ഇരുളടഞ്ഞതാക്കുന്നത്. ഒരു പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ആശയങ്ങളും നിലപാടുകളും സമരങ്ങളുമെല്ലാം ആ പ്രസ്ഥാനത്തിന്റെ പ്രസക്തി സമൂഹത്തോട് വിളിച്ചറിയിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു ആശയമോ, പോരാട്ടമോ, ഒരു ചെറിയ വിരലനക്കമോ പോലും ഉണ്ടാക്കാന്‍ ടിപിക്കു ശേഷം ആര്എംപിക്കായിട്ടില്ല.
വൈകാരികത ഒരു പരിധിവരെ രാഷ്ട്രീയത്തിനാവശ്യമാണെങ്കിലും അതിവൈകാരികത ദിശാബോധം നഷ്ടപ്പെടാനിടയാക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ആര്‍എംപി ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധി. ഒരു നേതാവിനും പ്രസ്ഥാനത്തിനും തന്നോട് തന്നെയെങ്കിലും നീതിപുലര്ത്താനാകുന്നു എന്ന് ബോധ്യപ്പെടുത്താനായില്ലെങ്കില്‍ അണികള്‍ എങ്ങനെയുണ്ടാകും. വീണ്ടും ആവര്‍ത്തിക്കട്ടെ, തെരഞ്ഞെടുപ്പ് ഒരു മാനദണ്ഡമൊന്നുമല്ല എങ്കിലും ഉറച്ച നിലപാടുകളും, തെളിമയുള്ള ദീര്‍ഘവീക്ഷണവും ആര്‍എംപിയെ പോലുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. അല്ലെങ്കില്‍ കമ്മ്യൂണിസത്തിനത്ര കമ്മ്യൂണിസം പോരെന്ന് പറഞ്ഞ് പോരാട്ടം തുടങ്ങിയ ചട്ടപടി സംഘടനകളുടെ അതേ ഗതിതന്നെയാകും ആര്‍എംപിയ്ക്കും കാലം കാത്തുവെച്ചത്.
അരുണിമ ചന്ദ്രന്