ജില്ലയില്‍ ആദ്യമായി തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് എടിഎം ഇന്നു പ്രവര്‍ത്തനമാരംഭിക്കും. സിവില്‍ സ്റ്റേഷനിലും മാനാഞ്ചിറയിലെ ഹെഡ് പോസ്റ്റ് ഓഫിസിലുമാണ് ആദ്യഘട്ടത്തില്‍ എടിഎമ്മുകള്‍ വരുന്നത്.
സിവില്‍ സ്റ്റേഷനിലെ എടിഎം രാവിലെ 10ന് കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഏത് പോസ്റ്റ് ഓഫിസിലും അക്കൗണ്ടുള്ളവര്‍ക്ക് എടിഎം വഴി പണം പിന്‍വലിക്കാം. സ്വന്തം പേര് ചേര്‍ത്തതും അല്ലാത്തതുമായ എടിഎം കാര്‍ഡുകള്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് ലഭിക്കും.
പേരില്ലാത്ത ഇന്‍സ്റ്റന്റ് കാര്‍ഡുകള്‍ പോസ്റ്റ് ഓഫിസില്‍ ചെന്ന് ആവശ്യപ്പെട്ടാലുടന്‍ നല്കുന്ന രീതിയിലാണ് സംവിധാനം. ഇതിനകം രാജ്യത്തെ 25,000ലധികം പോസ്റ്റ് ഓഫിസുകളെ നെറ്റ്വര്‍ക്കിലൂടെ പരസ്പരം ബന്ധിപ്പിച്ച കോര്‍ ബാങ്കിങ് സൊല്യൂഷന്‍സിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് തപാല്‍ വകുപ്പ് ഇന്ത്യ പോസ്റ്റ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ തുടങ്ങിയ നഗരങ്ങളില്‍ തപാല്‍ വകുപ്പ് നേരത്തേ എടിഎമ്മുകള്‍ ആരംഭിച്ചിരുന്നു.