Home » ഇൻ ഫോക്കസ് » പിണറായിക്ക് അഭിവാദ്യമറിയിച്ച് കേരള ഫിദല്‍

പിണറായിക്ക് അഭിവാദ്യമറിയിച്ച് കേരള ഫിദല്‍

പതിനാലാം മന്ത്രിസഭയുടെ അധികാരമേല്‍ക്കുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റുമന്ത്രിമാര്‍ക്കും ആശംസകളറിയിച്ച് വിഎസ് അച്ചുതാനന്ദന്‍. ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന എല്ലാമന്ത്രിസഭാ അംഗങ്ങള്‍ക്ക് നല്ല തുടക്കമാവട്ടെയെന്ന് വിഎസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. പുതിയ സര്‍ക്കാറിന്റെ സമീപനങ്ങളും നടപടികളും സ്വാഗതാര്‍ഹമാണെന്നും വിഎസ് പറഞ്ഞു. മന്ത്രിമാര്‍ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചതിനൊപ്പം ഐശ്വര്യപൂര്‍ണ്ണമായ കേരളം കെട്ടിപ്പടുക്കാന്‍ ഈ മന്ത്രിസഭക്ക് കഴിയുമെന്നും വിഎസ് അഭിപ്രായപ്പെട്ടു.

ചില കേന്ദ്രമന്ത്രിമാര്‍ ഇതിനോടകം തന്നെ ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വിഎസ് ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇക്കൂട്ടരെന്നും സദാ ജാഗരൂകരായിരിക്കണമെന്നും വിഎസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വിഎസിന്റെ  ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അഭിവാദ്യങ്ങൾ “! മികച്ച തുടക്കം.

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പുതിയ സർക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട് . ഇവ സ്വാഗതാർഹങ്ങളാണ് . മികച്ച തുടക്കമായി ഞാൻ ഇതിനെ കാണുന്നു .

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാർക്കും എന്റെ അഭിവാദ്യങ്ങൾ . ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണ്ണമായ ജന പങ്കാളിത്തത്തോടെ ഇവർക്ക് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു .

ഇതിനകം തന്നെ ഭീക്ഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാർ രംഗത്ത് വന്നിട്ടുണ്ട് . ഒരു പുരോഗമന സർക്കാരിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ കൂട്ടം .നമ്മൾ സദാ ജാഗരൂഗരായിരിക്കും.

 

Leave a Reply