Home » നമ്മുടെ കോഴിക്കോട് » പിണറായി വധശ്രമക്കേസ്; നാദാപുരം സ്വദേശിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പിണറായി വധശ്രമക്കേസ്; നാദാപുരം സ്വദേശിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ തലശ്ശേരി പിണറായിയിലെ വീടിനു സമീപത്തു നിന്നും തോക്കും കൊടുവാളുമായി നാദാപുരം സ്വദേശി പിടിയിലായ കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരിനെതിരെ  ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.കെ. പ്രഭാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. 2013 ഏപ്രില്‍ മൂന്നിന് രാത്രി 8.15 ഓടെയാണ് പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീടിനു സമീപത്തു നിന്നും തോക്കുമായി കുഞ്ഞികൃഷ്ണനെ നാട്ടുകാര്‍ പിടികൂടിയത്. ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖനെ കൊന്നതിന് പ്രതികാരമായി  പിണറായിയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ 0.22 കാലിബര്‍ എയര്‍ഗണ്ണും 23 സെന്റീമീറ്റര്‍ നീളമുള്ള കൊടുവാളുമായി പിണറായി വിജയന്റെ പാണ്ട്യാല മുക്കിലെ വീടിന് 85 മീറ്റര്‍ സമീപത്തെത്തിയതെന്ന്‍ കുറ്റപത്രത്തില്‍ പറയുന്നു.

കുഞ്ഞികൃഷ്ണനില്‍ നിന്നും പിടികൂടിയ തോക്ക് ഉപയോഗിച്ചാല്‍ അപകടം സംഭവിക്കുമെന്ന വിദഗ്ധ സംഘത്തിന്റെ ശാസ്ത്രീയമായ റിപ്പോര്‍ട്ടും സംഭവദിവസം കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍ നിന്നും പിടികൂടിയ തോക്കും കൊടുവാളും പിന്നീട് കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത വെടിയുണ്ടകളും വെടിമരുന്നുമുള്‍പ്പെടെയുള്ള വസ്തുക്കളും ഇവയെല്ലാം പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഈ കേസില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്റ്‌സ് ആക്ടും ആംസ് ആക്ടും ഉള്ളതിനാല്‍ സര്‍ക്കാന്‍ അനുമതിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.  തൊണ്ടി മുതലായി കണ്ടെടുത്ത തോക്ക് എയര്‍ഗണ്ണാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഈ എയര്‍ഗണ്‍ ഉപയോഗിച്ച് അടുത്ത് നിന്നും വെടി ഉതിര്‍ത്താല്‍ ജീവന് അപകടം സംഭവിക്കുമെന്ന് വിദഗ്ധര്‍ അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞികൃഷ്ണനില്‍ നിന്നും പിടികൂടിയ തോക്ക് എയര്‍ ഗണ്ണാണെന്ന സ്ഥിരീകരണമുണ്ടായത്.

ഈ കേസുമായി ബന്ധപ്പെട്ട് ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍.വേണു, ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ, പിതാവ് മാധവന്‍ എന്നിവരുള്‍പ്പെടെ 125 സാക്ഷികളുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാദാപുരം, വളയം, ഒഞ്ചിയം ഭാഗങ്ങളില്‍ നടന്നിട്ടുള്ള ആര്‍എംപി യുടെ പൊതുയോഗങ്ങളുടേയും നേതാക്കളുടെ പ്രസംഗത്തിന്റേയും വീഡിയോ ക്ലിപ്പിംഗുകള്‍ അന്വേഷണ സംഘം ശേഖരിച്ചിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. കുഞ്ഞികൃഷ്ണന് സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply