കാറിലെത്തിയ സംഘം സ്കൂള്‍ പരിസരത്ത് നിന്നും വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി. കോഴിക്കോട്-മലപ്പുറം ജില്ലയുടെ അതിര്‍ത്തിയായ രാമനാട്ടുകരയ്ക്ക് സമീപം വൈദ്യരങ്ങാടിയിലെ രാമനാട്ടുകര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് ഇന്ന് രാവിലെ ഒമ്പതോടെയാണ് സിനിമ സ്റ്റൈല്‍ തട്ടിക്കൊണ്ടു പോകല്‍ നടന്നത്. അധ്യയന വര്‍ഷാരംഭ ദിവസം രാവിലെ സ്കൂളിലേക്ക് വന്ന കുട്ടിയെ കാറിലെത്തിയ ഒരു സംഘം പിടിച്ചുകൊണ്ടു പോവുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് സിറ്റി, റൂറല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഹൈവേയും ബൈപ്പാസും ഉള്‍പ്പെടെയുള്ള എല്ലാ വഴികളും ബ്ളോക്ക് ചെയ്ത് പരിശോധന നടത്താന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റിലെ വിവരം അനുസരിച്ച് നവാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണിത്. എന്നാല്‍ നാല് തവണ കൈമാറിയ കാര്‍ നിലവില്‍ മലപ്പുറം ജില്ലയിലാണ് ഉപയോഗിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ മലപ്പുറം ജില്ലയിലേക്ക് കടന്നതായാണ് പോലീസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ പോലീസ് കര്‍ശന പരിശോധന നടത്തിവരികയാണ്.
