മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എംടിയുടെ സിനിമാപ്രവേശനത്തിന് 50 വയസ്സ് തികയുന്നു. ദൃശ്യാനുഭവത്തിന്റെ വേറിട്ട സംസ്കാരത്തിലേക്ക് മലയാളിയെ കൈപിടിച്ചെത്തിച്ചതില് എംടിയുടെ പങ്ക് സുപ്രധാനമാണ്. എംടി വാസുദേവന്‍ നായരുടെ ആദ്യ തിരക്കഥയായ മുറപ്പെണ്ണ് പ്രദര്‍ശനത്തിനെത്തിയിട്ട് 50 വര്‍ഷം പിന്നിടുകയാണ്.
1965ലെ ക്രിസ്മസ് ചിത്രമായി എംടിയുടെ തിരക്കഥയില്‍ പരമേശ്വരന്‍നായര്‍ നിര്‍മ്മിച്ച് എ വിന്‍സെന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ് പുറത്തിറങ്ങി. സാഹിത്യഭാഷയില്‍ നിന്നും വ്യത്യസ്തമായി ദൃശ്യഭാഷയെ സൃഷ്ടിക്കാന്‍ എംടിക്ക് കഴിഞ്ഞു. മുറപ്പെണ്ണില്‍ നിന്നും തുടങ്ങി സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പില്‍ എംടിയ്ക്ക് ഒട്ടും പിഴച്ചില്ല. കഥക്കും തിരക്കഥക്കും സംവിധാനത്തിനുമായി നിരവധി സംസ്ഥാന-ദേശീയ പുരസ്കാരങ്ങളാണ് എംടിയെ തേടിയെത്തിയത്.
പ്രേം നസീര്‍, കെ.പി. ഉമ്മർ, മധു, ശാരദ, പി ജെ ആന്റെണി, അടൂര്‍ ഭാസി, എസ് പി പിള്ള, ശാന്തിദേവി എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ.
മുറപ്പെണ്ണിന്റേയും എംടിയുടെ സിനിമാ പ്രവേശനത്തിന്റേയും അമ്പതാം വയസ്സിന്റെയും ആഘോഷത്തിലാണ് കോഴിക്കോട്.
ജെസി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് നാളെ നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ മുറപ്പെണ്ണിന്റെ അണിയറ പ്രവര്‍ത്തകരെയും ബന്ധുക്കളെയും ആദരിക്കും.