Home » മറുകാഴ്ച » ചരിത്രം വിചിത്രം » ചേരമാന്‍ ജുമാമസ്ജിദിൽ അന്നും ഇന്നും നിലവിളക്കുണ്ട്!

ചേരമാന്‍ ജുമാമസ്ജിദിൽ അന്നും ഇന്നും നിലവിളക്കുണ്ട്!

സർവ്വാദരണീയനായ മുസ്ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ നിലവിളക്ക് തെളിയിക്കുമായിരുന്നു എന്ന മുൻ ചീഫ് സെക്രട്ടറി ബാബു പോളിന്റെ പരാമർശം പുതിയ വിവാദമുയർത്തുമ്പോൾ കേരളം ഓർമിക്കുന്നത് ചരിത്രപ്പഴമയുള്ള ചില ഇസ്ലാമിക ദേവാലയങ്ങളെയാണ്. ഒന്നാമതായും, കേരളത്തിലെ ആദ്യപള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിനെത്തന്നെ!

ചേരമാൻ പള്ളിക്കുള്ളിൽ പരമ്പരാഗതമായി സൂക്ഷിക്കുന്ന നിലവിളക്ക്

ചേരമാൻ പള്ളിക്കുള്ളിൽ പരമ്പരാഗതമായി സൂക്ഷിക്കുന്ന നിലവിളക്ക്

1400ഓളം വര്‍ഷം പഴക്കം വരുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് ചരിത്ര പ്രാധാന്യം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രസിദ്ധമാണ്. കേരളീയ വാസ്തുശില്‍പ്പകലയുടെ മാതൃകയായിരുന്ന ഈ പള്ളി, പ്രവാചകന്‍ മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാം മത പ്രചാരണത്തിന് എത്തിയ ആചാര്യനുമായ മാലിക് ബിന്‍ ദിനാറാണ് സ്ഥാപിച്ചത് – എ.ഡി 629ല്‍.

പരമ്പരാഗതമായി നിലവിളക്കുള്ള കേരളത്തിലെ മുസ്ലിം പള്ളികളിൽ മുഖ്യമാണിത്. ആദ്യകാലത്ത് വെളിച്ചത്തിനായി കത്തിച്ചിരുന്ന വെങ്കലത്തില്‍ തീര്‍ത്ത തൂക്കുവിളക്ക് വൈദ്യുതിയെത്തിയിട്ടും പാരമ്പര്യം കാത്തുസൂക്ഷിക്കാനായി കത്തിച്ചുവെക്കുമായിരുന്നു.

ജാതിമതഭേദമന്യേ ആഗ്രഹസാഫല്യത്തിനായി ആളുകള്‍ വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കി വരാറുണ്ട്. വിളക്കുകളില്‍ നിന്നു പകര്‍ന്നെടുക്കുന്ന എണ്ണ ഔഷധമായി എല്ലാ മതക്കാരും വീടുകളില്‍ സൂക്ഷിക്കാറുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് പള്ളിയുടെ അധികാരികള്‍ പല കാരണ‌ങ്ങള്‍ കൊണ്ടും ഇത്തരം ആചാരങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു. എങ്കിലും ആളുകള്‍ ഇന്നും വഴിപാടിനായി എണ്ണയുമായി ഇവിടേക്കെത്താറുണ്ട്. നാനാഭാഗത്തു നിന്നും പള്ളി സന്ദര്‍ശിക്കാനായി നിരവധി ആളുകളാണ് എത്താറുള്ളത്.

ആയിരത്തോളം വര്‍ഷം പഴക്കം വരുന്ന കൊത്തുപണികളോടെയുള്ള ഈട്ടിത്തടിയില്‍ തീര്‍ത്ത പ്രസംഗപീഠവും ഈ പള്ളിയിലെ പ്രധാനപ്പെട്ടവയിലൊന്നാണ്. പള്ളിക്ക് ക്ഷേത്ര വാസ്തുവിദ്യയുമായി  സാമ്യങ്ങളുണ്ടെന്ന് പള്ളി അഡ്മിനിസ്ട്രേറ്റീസ് ഓഫീസര്‍ ഫൈസല്‍ ഇ ബി പറയുന്നു.

Leave a Reply