Home » ഇൻ ഫോക്കസ് » മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ പദ്ധതിയുമായി ഇടത് സര്‍ക്കാര്‍

മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ പദ്ധതിയുമായി ഇടത് സര്‍ക്കാര്‍

യുഡിഎഫ് സര്‍ക്കാര്‍ നികത്താനായി വിട്ടുകൊടുത്തതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ അകപ്പെട്ട മെത്രാന്‍ കായലിലും ആറന്‍മുള വിമാനത്താവള ഭൂമിയിലും കൃഷിയിറക്കാന്‍ ഇടത് സര്‍ക്കാര്‍ പദ്ധതി. ഇതുസംബന്ധിച്ച് കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കും.

കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ഈ മാസം 17നകം പദ്ധതിയെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 17ന് മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറിയും മെത്രാന്‍ കായല്‍ ഉള്‍പ്പെടുന്ന കുട്ടനാട് പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ആറന്മുളയില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്ത നെല്‍വയല്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് സര്‍ക്കാര്‍ കൃഷിയിറക്കാന്‍ ആലോചിച്ചിരിക്കുന്നത്.

മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നിലം നികത്തി വിനോദസഞ്ചാര പദ്ധതി കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കായല്‍ നികത്തി യാതൊരു തരത്തിലുമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും കേസ് തീര്‍പ്പാക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply