Home » നമ്മുടെ കോഴിക്കോട് » ഷിബിന്‍ വധക്കേസ്; പതിനേഴ് പ്രതികളെ വെറുതെ വിട്ടു

ഷിബിന്‍ വധക്കേസ്; പതിനേഴ് പ്രതികളെ വെറുതെ വിട്ടു

നാദാപുരം വെള്ളൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ സി.കെ. ഷിബിന്‍ വധക്കേസില്‍ പതിനേഴ് പ്രതികളെയും വെറുതെ വിട്ടു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ തെയ്യാമ്പാടി ഇസ്മായിലടക്കം 17 പേരാണ് കേസിലെ പ്രതികള്‍. കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മൊത്തം 18 പ്രതികളുള്ള കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളുടെ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്. ബാക്കി 17 പ്രതികളെയാണ് വെറുതെ വിട്ടത്. ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും 12 മുതല്‍ 17 വരെയുള്ള പ്രതികള്‍ സഹായം ചെയ്തുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കൊലപാതകം (302), വധശ്രമം (307), മാരകായുധങ്ങള്‍കൊണ്ട് ബോധപൂര്‍വം പരിക്കേല്‍പിക്കല്‍ (324), കലാപമുണ്ടാക്കല്‍ (147), കുറ്റവാളികളെ ഒളിപ്പിക്കല്‍ (212), തെളിവ് നശിപ്പിക്കല്‍ (201) എന്നിവ ഉള്‍പ്പെടെ വകുപ്പുകളാണ് പ്രതികളില്‍ ചുമത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വനാണ് ഹാജരായത്. വര്‍ഗീയവും രാഷ്ട്രീവുമായ കാരണങ്ങളാല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ ഷിബിന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്‍ 151 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. മാരകായുധങ്ങള്‍ ഉള്‍പ്പെടയുള്ള തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ വെച്ചു.കേസില്‍ 66 സാക്ഷികളെ വിസ്തരിച്ചു.

2015 ജനുവരി 22ന് രാത്രി ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുള്ള ആറുപേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.
തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കി താഴെകുനി സിദ്ദീഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസ്സമദ് 25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടേമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു25), എടാടില്‍ ഹസ്സന്‍ (24), വില്യാപ്പള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കള്ളേരിന്റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ലിയാര്‍ (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്55) എന്നിവരാണ് പ്രതികള്‍.

ഒമ്പതാം പ്രതിക്കെതിരായ വിചാരണയാണ് കോഴിക്കോട് ജുവനൈല്‍ കോടതിയില്‍ നടക്കുക. ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണെന്നാണ് കേസ്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് കേസിലുള്ളത്. രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ വധിക്കുകയും മറ്റ് ആറുപേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

2015 ഏപ്രില്‍ 18ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കുറ്റിയാടി സി.ഐ ദിനേശ് കോറോത്ത് നാദാപുരം ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് മാറാട് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply