ജിഷയുടെ കൊലയാളി അമിയുര്‍ ഉള് ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയ്ക്ക് ശേഷം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. ഇതിനു മുന്നോടിയായി പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. കൊലപാതകം അറിഞ്ഞിട്ടും മറച്ചുവെയ്ക്കാന്‍ ശ്രമിച്ച അമിര്‍ ഉള് ഇസ്ലാമിന്റെ കൂട്ടുകാരെയും പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ട്.
ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രക്തം പുരണ്ട കത്തിയാണ് പ്രതി താമസിച്ചിരുന്ന ഇരുങ്ങോല്‍ വൈദ്യശാലപ്പടിയിലെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. സംഭവ ദിവസം പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവ പൊലീസ് ക്ലബ്ബില്‍ വച്ചാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.