വിവാദമായ ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ 28 മുതല്‍ ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന് അവകാശപ്പെടുന്ന ഫ്രീഡം 251 സ്മാര്‍ട്ട്ഫോണിന് ഇതിനകം 30,000 പേര് ബുക്ക് ചെയ്തതിട്ടുണ്ടെന്ന് നിര്‍മ്മാതാക്കളായ റിംഗിങ് ബെല്‍സ് അവകാശപ്പെടുന്നു. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്കി ഫോണ്‍ കൈപ്പറ്റാമെന്നും കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ അറിയിച്ചു.
ഫെബ്രുവരിയിലാണ് ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന അവകാശവാദവുമായി റിംഗിങ് ബെല്‍സ് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി പണമടച്ച് ബുക്ക് ചെയ്യാനായി കമ്പനി സൈറ്റും തുറന്നിരുന്നു. ഉപഭോക്താക്കളുടെ തള്ളിക്കയറ്റം കാരണം കമ്പനിയുടെ സൈറ്റ് തകരുകയും ചെയ്തിരുന്നു.
251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ എന്ന വാഗ്ദാനം വിവാദമായതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ പണമടച്ചവര്‍ക്ക് പണം തിരികെ നല്കി റിംഗിങ് ബെല്‍സ് ക്യാഷ്ഓണ്‍ ഡെലിവറി സംവിധാനം ഒരുക്കുകയായിരുന്നു.