അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ 45 മീറ്ററില്‍ നാലുവരിയാക്കുന്ന ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം സ്ഥലം നാഷ്ണല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറാന്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ നിര്‍ദേശം. ഭൂവുടമകള്‍ക്കുള്ള നഷ്ട പരിഹാരം രണ്ട് മാസത്തിനകം നല്‍കണമെന്നും നിര്‍ദേശിച്ചു.
മാഹി-തലശ്ശേരി ബൈപ്പാസ്, നന്തി-ചെങ്ങോട്ട്കാവ് (കൊയിലാണ്ടി) ബൈപ്പാസ, വെങ്ങളം-രാമനാട്ടുകര (കോഴിക്കോട്) ബൈപ്പാസ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും. നടപടികള്‍ വേഗത്തിലാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കുന്നതിന് സ്ഥലമേറ്റെടുപ്പ്, കെട്ടിടങ്ങളും മരങ്ങളുള്‍പ്പെടെയുള്ള ഭൂമിയുടെ വില നിര്‍ണ്ണയം എന്നിവ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുമിച്ച് നടത്താനും തീരുമാനമായി. നഷ്ടപരിഹാരം നല്കുന്നതില് കാലതാമസമുണ്ടാകില്ല. ആരാധനാലയങ്ങളുള്പ്പെടുന്ന സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടി കാര്യങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കും. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ജീവനക്കാരുടെ കുറവ് തടസ്സമാവരുതെന്ന് പൊതുമരാമത്ത് സെക്രട്ടറി പറഞ്ഞു.
