Home » ഇൻ ഫോക്കസ് » നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റാഗിങ്ങിനിരയായ സംഭവം: കര്‍ണാടക കോളേജ് അധികൃതരുടെ വാദം പൊളിയുന്നു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റാഗിങ്ങിനിരയായ സംഭവം: കര്‍ണാടക കോളേജ് അധികൃതരുടെ വാദം പൊളിയുന്നു

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി ക്രൂരമായി റാഗിങ്ങിന് ഇരയായ സംഭവത്തില്‍ കോളേജ് അധികൃതരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയുന്നു. കുറ്റകരമായ അനാസ്ഥയാണ് കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ചൂണ്ടികാണിക്കുന്നു. റാഗിങ് വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിലും, ചികല്‍സയുടെ കാര്യത്തിലും കോളേജ് അധികൃതര്‍ വീഴ്ച വരുത്തി. സിനീയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലീനിംഗ് ലോഷന്‍ കുടിപ്പിച്ച ശേഷം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായ ദളിത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ് നാട്ടിലേക്ക് അയച്ചതെന്ന കോളേജ് അധികൃതരുടെ വാദം പൊളിയുകയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധാഭിപ്രായം മറികടന്നാണ് അശ്വതിയെ നാട്ടിലേക്ക് തിരിച്ചയച്ചത്.

ഡോക്ടര്‍മാരുടെ ഉപദേശം മറികടന്നാണ് കോളേജ് അധികൃതര്‍ അശ്വതിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത്  നാട്ടിലേക്ക് അയച്ചതെന്ന് ബസവേശ്വര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ ശരണബസപ്പ ഹാരവാള്‍ പറയുന്നു. പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുക്കുന്നതിന് മുമ്പാണ് ഇതെന്നും അതിനാല്‍ മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു. ഇത് കോളേജ് അധികൃതരുടെ വാദങ്ങള്‍ തെറ്റാണെന്നും ഗുരുതരമായ അലംഭാവമാണ് റാഗിങ് വിഷയത്തില്‍ സ്വീകരിച്ചതെന്നും തെളിയിക്കുന്നു.

മെയ് ഒന്‍പതിന് നടന്ന റാഗിങ് സംഭവത്തിന് ശേഷം കോളേജ് അധികൃതരില്‍ നിന്നും ബസവേശ്വര ആശുപത്രി അധികൃതരില്‍ നിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടെയെന്നതിന് തെളിവാണ് പരസ്പരമുള്ള പഴിചാരല്‍. റാഗിങ് ആത്മഹത്യാ ശ്രമമാക്കി മാറ്റാനുള്ള ശ്രമവും കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി. ക്ലീനിംഗ് ലോഷന്‍ കുടിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ ആദ്യം പ്രതികരിച്ചത്. വ്യക്തിപരമായ കാരണത്താലാണ് ആസിഡ് അടങ്ങിയ ഫിനോള്‍ കുടിച്ചതെന്നും ബംഗലൂരുവില്‍ നിന്ന് പോരുമ്പോള്‍ പെണ്‍കുട്ടി പൂര്‍ണമായും സുഖം പ്രാപിച്ചിരുന്നുവെന്നുമാണ് പ്രിന്‍സിപ്പള്‍ ആദ്യം പറഞ്ഞത്.

മെയ് ഒന്‍പതിന് ഐസിയുവില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റി. എന്‍ഡോസ്‌കോപി പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്‌നം കണ്ടെത്തിയെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം മറികടന്ന് വിദ്യാര്‍ത്ഥിനിയുടേയും സുഹൃത്തുക്കളുടേയും നിര്‍ബന്ധത്തിന് വഴങ്ങി ഡിസ്ചാര്‍ജ് അനുവദിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ ശരവണപ്പ ഹാരാവാള്‍ പറയുന്നത്. നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ വരുന്നുണ്ടെന്നു പറഞ്ഞതിനാലാണ് ഡിസ്ചാര്‍ജിന് സമ്മതിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

ആശുപത്രി അധികൃതര്‍ കര്‍ണാടക പൊലീസില്‍ വിവരം അറിയിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥിനിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ മൊഴിയെടുക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും സൂപ്രണ്ട് സമ്മതിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഫോറന്‍സിക് ലാബില്‍ അയക്കാതെ ആശുപത്രി ലാബിലാണ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലെ ലായനിയുടെ രാസപരിശോധന നടത്തിയത്.

 വിവസ്ത്രയായി നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിനാണ് ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥിനികളായ എട്ടുപേര്‍ ചേര്‍ന്ന് കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിപ്പിച്ചത്. റാഗിങ് ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് അശ്വതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആസിഡ് കലര്‍ന്ന ലോഷന്‍ കുടിച്ചതോടെ അന്നനാളം അടക്കം ആന്തരിക അവയവങ്ങള്‍ ഗുരുതരമായി പൊള്ളിയതോടെ വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികല്‍സയിലാണ്. റാഗിങിന് രണ്ട് മലയാളി വിദ്യാര്‍ത്ഥിനികളെ പ്രതികളാക്കി പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.

Leave a Reply