സൗദിയില്‍ കൊറോണ വൈറസ് മൂലമുള്ള മെര്‍സ് രോഗം പടരുന്നു. മെര്‍സ് രോഗം ബാധിച്ച് സൗദി അറേബ്യയില്‍ അഞ്ചുപേര്‍ കൂടി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 34 പേരില്‍ പുതുതായി മെര്‍സ് ബാധ കണ്ടെത്തിയത്. ഇവരില്‍ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രോഗം ബാധിച്ചവരില്‍ 17 പേര് പ്രവാസികളും 17 പേര് സൗദി പൗരന്മാരുമാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികളില്‍ നിന്ന് രോഗം ബാധിച്ച ആശുപത്രി ജീവനക്കാരിലാണ് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
2012 ല്‍ സൗദിയില്‍ കണ്ടെത്തിയ കൊറോണ വൈറസ് പ്രവാസികളുള്‍പ്പെടെ 1,413 പേരെയാണ് ബാധിച്ചത്. എന്നാല്‍ രോഗം ബാധിച്ചവരില്‍ 790 പേര് സുഖം പ്രാപിക്കുകയും 593 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഇവരില്‍ മുപ്പതോളം പേര് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. എമിറേറ്റില്‍ മെര്‍സ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹവും ആശങ്കയിലാണ്.