Home » നമ്മുടെ കോഴിക്കോട് » കുരുക്കൊഴിയാതെ മലാപ്പറമ്പ് സ്കൂള്‍; വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലേക്ക്

കുരുക്കൊഴിയാതെ മലാപ്പറമ്പ് സ്കൂള്‍; വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലേക്ക്

മലാപ്പറമ്പ് സ്കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന്  കലക്ടറേറ്റിലെ എന്‍ജിനീയേഴ്സ് ഹാളില്‍ താത്ക്കാലിക പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍  പെരുവഴിയിലേക്ക്. സ്വകാര്യ കെട്ടിടമായ എന്‍ജിനീയേഴ്സ് ഹാളില്‍ ക്ളാസ് മുറി ഒരുക്കിയത് സര്‍ക്കാര്‍ കെട്ടിടമെന്ന തെറ്റിദ്ധാരണയിലായിരുന്നു.  വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എന്‍ജിനീയര്‍മാരുടെ അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണിത കെട്ടിടമാണിത്. ഇതോടെ വിദ്യാര്‍ത്ഥികളെ എവിടെക്ക് മാറ്റണമെന്ന ആലോചനയിലാണ് ജില്ലാ ഭരണകൂടം.

അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സ് കേരളയുടെ ജില്ലാ കേന്ദ്രമാണിത്.  അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ട് കാര്യം ബോധിപ്പിച്ചിട്ടുണ്ട്. ഹാളില്‍നിന്ന് കുട്ടികളെ ഒഴിപ്പിക്കണമെന്ന് അസോസിയേഷന്‍ കലക്ടറോട് അഭ്യര്‍ഥിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ അപ്രതീക്ഷിത നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമൊന്നും അസോസിയേഷന്‍ സ്വീകരിച്ചിട്ടില്ല.

കലക്ടറേറ്റ് വളപ്പിലായതിനാല്‍ പൊതുകെട്ടിടമെന്ന തെറ്റിദ്ധാരണയാണ് കുട്ടികളെ ഇങ്ങോട്ട് മാറ്റാന്‍ ഇടയാക്കിയത്. കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലേക്കാണ് കുട്ടികളെ ആദ്യം കൊണ്ടുവന്നിരുന്നത്. കൂടുതല്‍ വിശാലമായ സ്ഥലമെന്ന നിലക്ക് എന്‍ജിനീയേഴ്സ് ഹാളിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയറെ വിളിച്ചാണ് അധികൃതര്‍ ഹാളിലേക്ക് മാറ്റാനുള്ള അനുമതി നേടിയത്.

കാല്‍നൂറ്റാണ്ടിലേറെ കാലമായി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ ഉപയോഗിക്കുന്ന കെട്ടിടമാണിത്. സര്‍ക്കാറില്‍നിന്ന് വില കൊടുത്ത് വാങ്ങിയ ഭൂമിയിലാണ് അസോസിയേഷന്‍ കെട്ടിടം പണിതത്. ഓഫിസിനോട് ചേര്‍ന്നുള്ള വിശാലമായ ഹാള്‍ ഓണാഘോഷം, കുടുംബസംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കാണ് ഉപയോഗിക്കുന്നത്. വിശാലമായ വേദിയുള്ള ഹാള്‍ ബാസ്കറ്റ്ബാള്‍ പോലുള്ള വിനോദത്തിനും ഉപയോഗിച്ചുവരുന്നതാണ് കെട്ടിടം.
മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈകോടതി വിധി നടപ്പാക്കാനായി ജൂണ്‍ എട്ടിനാണ് കുട്ടികളെ ഇവിടേക്ക് മാറ്റിയത്. സ്കൂള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തില്‍ ആഘോഷപൂര്‍വമായിരുന്നു കെട്ടിടമാറ്റം. എന്‍ജിനീയേഴ്സ് ഹാളില്‍ അന്ന് രാത്രിതന്നെ ഏഴ് മുറികളുള്ള ‘സ്കൂള്‍’ തയാറാക്കി. വിശാലമായ ഹാള്‍ പൈ്ളവുഡ് കൊണ്ടാണ് ക്ളാസുകളാക്കി തിരിച്ചത്. വൃത്താകൃതിയിലുള്ള ബെല്ലും കസേരകളും ബ്ളാക് ബോര്‍ഡുമെല്ലാം സജ്ജീകരിച്ചു.

മാനേജറില്‍നിന്ന് സ്കൂള്‍ വിലക്കെടുത്ത് സ്വന്തമാക്കാന്‍ കാലതാമസമെടുക്കുമെന്നതാണ് പ്രശ്നം. എന്‍ജിനീയേഴ്സ് ഹാള്‍ ഒഴിയണമെന്ന ആവശ്യം വന്നതോടെ മറ്റ് സ്ഥലങ്ങള്‍ പരിഗണനയിലുണ്ട്. മലാപ്പറമ്പിലെ എ.ഡി.എം ബംഗ്ളാവാണ് പ്രധാനമായും പരിഗണിക്കുന്നത്.

 

Leave a Reply