കര്‍ണ്ണാടക ഗുല്‍ബര്‍ഗ റാഗിംഗ് സംഭവത്തില്‍ അല്‍ഖമര്‍ നഴ്സിംഗ് കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍. കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെന്ന് കൗണ്‍സില്‍ പ്രസിഡന്റ് ടി ദിലീപ് കുമാര്‍ അറിയിച്ചു. കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയാണുണ്ടായിരിക്കുന്നത്. റാഗിംഗ് തടയാനുള്ള യുജിസി നിര്‍ദേശം നടപ്പാക്കിയില്ലെന്നും ദിലീപ് കുമാര്‍ പറഞ്ഞു.
റാഗിങ്ങില്‍ അതിഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി കര്‍ണാടക അന്വേഷണസംഘം രേഖപ്പെടുത്തി. കേസിലെ നാലാം പ്രതി കോട്ടയം സ്വദേശി ശില്പാ ജോയ്സ് ഒളിവില്‍ പോയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശില്പയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വീട് പൂട്ടിയിരുന്നുവെന്ന് കലബുറഗി എസ്പി ശശികുമാര്‍ പറഞ്ഞു.
അതേ സമയം പെണ്‍കുട്ടിക്ക് വീട് വെച്ച് നല്കാന് സംസ്ഥാന സര്‍ക്കാരിന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന് നിര്‍ദേശം നല്കി .