Home » കലാസാഹിതി » എഴുത്തുമേശ » ‘ദൈവദശക’ത്തിന് ദേശീയപ്രാര്‍ത്ഥനാ പദവി ലഭിക്കാന്‍ സാധ്യത

‘ദൈവദശക’ത്തിന് ദേശീയപ്രാര്‍ത്ഥനാ പദവി ലഭിക്കാന്‍ സാധ്യത

GURU-FOR-KERALA-EDITOR

നാരായണ ഗുരുവിന്‍റെ ‘ദൈവദശകം’ എന്ന പ്രാര്‍ത്ഥനാഗീതത്തിന് ദേശീയപ്രാര്‍ത്ഥനാ പദവി ലഭിക്കാനുള്ള സാധ്യതയേറി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലേക്കെത്തുന്ന പ്രധാനമന്ത്രി ഡിസംബര്‍ 15ന് ശിവഗിരിയിലെത്തുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവും.

അരുവിപ്പുറത്തെ ശിവപ്രതിഷ്ഠക്കു ശേഷം നാരായണഗുരു മാനവരാശിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’. ‘ദൈവദശകം’ ദേശീയപ്രാർത്ഥനയാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഈ വിഷയത്തിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. ‘ദൈവദശകം’ ദേശീയപ്രാര്‍ത്ഥനയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് മോദിയുടെ ശിവഗിരി പരിപാടിയുടെ ഏകോപകൻ സ്വാമി സച്ചിദാനന്ദന്‍ അറിയിച്ചു.

‘ദൈവദശകം’ പൂർണ്ണരൂപം

‘ദൈവദശകം’ പൂർണ്ണരൂപം

ശിവഗിരിയിലെ മഹാസമാധിയിൽ പുഷ്പാർച്ചന നടത്തുകയും ശാരദാമഠത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്യുന്നതിനോടൊപ്പം മോദി ‘ദൈവദശകം’ നൂറാം വാർഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്യും. ‘ദൈവദശകം’ ഇംഗ്ലീഷിലും മലയാളത്തിലും മുദ്രണം ചെയ്തിട്ടുള്ളതാണ് ശിലാഫലകം. ഈ സന്ദർഭത്തിൽ  നിവേദനം സമർപ്പിക്കുമെന്നാണ് സ്വാമി സച്ചിദാനന്ദൻ അറിയിച്ചത്.

സന്ദർശന വേളയിൽ മോദി ശിവഗിരി വൈദികമഠത്തിനു സമീപം വൃക്ഷത്തൈ നടുകയും ചെയ്യും. ഗാന്ധി ഇവിടെ സന്ദർശനം നടത്തി 90 വർഷങ്ങൾ പിന്നിടുന്നതിന്റെ ഓർമയ്ക്കാണ് വൃക്ഷത്തൈ നടുന്നത്. ശിലാഫലകം സ്ഥാപിച്ചിരിക്കുന്നതും ഇവിടെത്തന്നെയാണ്.

വിവിധ ജാതിമതക്കാരായ വിദ്യാർത്ഥികൾക്ക് ചൊല്ലാൻ വേണ്ടിയാണ് ശ്രീനാരായണ ഗുരു ‘ദൈവദശകം’ രചിച്ചത്. സമൂഹപ്രാർത്ഥനകൾക്കായി കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നാണിത്. ഭാഷ കൊണ്ടും ആശയം കൊണ്ടും ഗാംഭീര്യം പുലർത്തുന്ന അനേകം കൃതികൾ രചിച്ചശേഷം ഇവയെയെല്ലാം കൂട്ടിയിണക്കി തന്റെ ഷഷ്ഠി പൂർത്തിയോടടുത്താണ് ഗുരു ഈ കൃതി രചിച്ചത്.

Leave a Reply