Home » ന്യൂസ് & വ്യൂസ് » കോഴിക്കോട് കളക്ടറും എംപിയും തമ്മില്‍ വാക്ക് പോര്;കളക്ടര്‍ക്ക് ബ്രോയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട് കളക്ടറും എംപിയും തമ്മില്‍ വാക്ക് പോര്;കളക്ടര്‍ക്ക് ബ്രോയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന  എംകെ രാഘവന്‍ എംപിയുടെ ആരോപണത്തില്‍ കളക്ടര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി സോഷ്യല്‍ മീഡിയ. കളക്ടറും എംപിയും തമ്മില്‍ പോര് മുറുകുന്ന സാഹചര്യത്തില്‍ കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്  സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും കമന്‍റുകളും വന്നുകൊണ്ടിരിക്കുന്നു. ഇതേതുടര്‍ന്ന് ഫെയ്‌സ്ബുക്കിലുള്‍പ്പെടെ സജീവ ചര്‍ച്ചകളാണ് ഉയര്‍ന്നു വരുന്നത്.
പിആര്‍ഡിയെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ അവാസ്തവ പ്രചാരണ നടത്തുകയാണെന്നും ഇക്കാര്യത്തില്‍ കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടികളുമായി മൂന്നോട്ട് പോകുമെന്നും എം പി പറഞ്ഞിരുന്നു.
എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കളക്ടര്‍ തടസ്സം നില്‍ക്കുന്നു. പണി പൂര്‍ത്തിയാക്കി ചെലവുകള്‍ക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കാതെ കളക്ടര്‍ പുനപ്പരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംപി ആയതിന് ശേഷം 24 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. മുന്‍ കലക്ടര്‍മാരുടെ കൃത്യമായ ഏകോപനം വഴിയാണ് പദ്ധതികള്‍ നടപ്പായത്. കഴിഞ്ഞ ലോക്‌സഭാ കാലഘട്ടത്തില്‍ എംപി ഫണ്ട് വിനിയോഗത്തില്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിഞ്ഞെന്നും എം പി വ്യക്തമാക്കുന്നു.
എന്നാല്‍ താന്‍ മാനദണ്ഡപ്രകാരം മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് താഴാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തിപരമായ വിരട്ടലുകള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു. എംപി ഫണ്ട് നടപ്പാക്കുന്നതു സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂയെന്നും കളക്ടര്‍ പറയുന്നു.

Leave a Reply