കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ ഇന്‍പശേഖരന്‍ പറയാനുള്ളത് ദുരിതങ്ങളോട് പടവെട്ടി വിജയിച്ച ജീവിതകഥയാണ്. സര്‍ക്കാര്‍ തേയിലത്തോട്ടമായ ടാന്‍ടീയിലെ തോട്ടം തൊഴിലാളികളായ കാളി മുത്തുവിന്റെയും ഭൂപതിയുടെയും മകനാണ് ഇന്‍പശേഖരന്‍. ശ്രീലങ്കയില്‍ നിന്ന് പുനരധിവസിക്കപ്പെട്ട കുടുംബം വളരെ ബുദ്ധിമുട്ടിയായിരുന്നു ഇന്‍പശേഖരനെ പഠിപ്പിച്ചത്. കാട്ടാനയടക്കം വന്യജീവികള്‍ താണ്ഡവമാടുന്ന നാട്ടില്‍ നിന്നും കാട്ടാനക്കൂട്ടങ്ങളുടെ കണ്ണില്‍പ്പെടാതെയാണ് ഇന്‍പശേഖരന്‍ സ്കൂള്‍ പഠനം നടത്തിയിരുന്നത്. ചേരമ്പാടി ഗവ.ഹൈസ്കൂളില്‍ പത്താം ക്ലാസ് കഴിഞ്ഞ ശേഷം പ്ലസ് ടു ഗൂഡല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററിയില്‍ പൂര്‍ത്തിയാക്കി. കോയമ്പത്തൂര്‍ അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയില്‍ നിന്ന് ബി എസ് സിയും ഹൈദരാബാദ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം എസ സിയും പൂര്‍ത്തിയാക്കി. ശേഷം ന്യൂഡല്‍ഹി അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യവേ ഐ എസ് എഫ് ലഭിച്ചിരുന്നു. എന്നാല്‍ ഉയരക്കുറവ് മൂലം ജോലിയില്‍ തുടരീന് കഴിഞ്ഞില്ല. തുടര്‍ന്ന് ഐ എ എസിന് ശ്രമിക്കുകയും വിജയം നേടുകയും ചെയ്ത്. വലിയ ആഘോഷത്തോടെയായിരുന്നു ഇന്‍പശേഖരനെ പടശ്ശേരി ഗ്രാമം വരവേറ്റത്.
