Home » ന്യൂസ് & വ്യൂസ് » മാപ്പ് പറഞ്ഞെങ്കിലും നിലപാടിലുറച്ച് കലക്ടര്‍; ഇനിയും വ്യക്തത വരാനുണ്ടെന്ന് എംപി

മാപ്പ് പറഞ്ഞെങ്കിലും നിലപാടിലുറച്ച് കലക്ടര്‍; ഇനിയും വ്യക്തത വരാനുണ്ടെന്ന് എംപി

എംപിയും കലക്ടറും തമ്മിലുള്ള വിഷയത്തില്‍ എംപിയോട് മാപ്പ് പറഞ്ഞെങ്കിലും നിലപാടിലുറച്ച് കലക്ടര്‍ എന്‍ പ്രശാന്ത്. എം.പിയെ അപമാനിക്കാന്‍ താന്‍ ആളല്ലെന്നും എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്നും കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. എന്നാല്‍ ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് വിശ്വസിക്കുന്നതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കലക്ടറുടെ ക്ഷമാപണത്തോട് തുറന്ന സമീപനമാണുള്ളതെന്ന് എം.കെ. രാഘവന്‍ എം.പി പ്രതികരിച്ചു. കലക്ടര്‍ വിശദീകരണത്തില്‍ സൂചിപ്പിച്ചതുപോലെ പ്രശ്നം വ്യക്തിപരമായ വിഷയമായി കാണുന്നില്ല.  എങ്കിലും അദ്ദേഹം പറഞ്ഞതും ചെയ്തതും ഉറച്ചുനിന്നതുമായ കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനോട് തുറന്ന സമീപനമാണുള്ളത്. അപ്പോഴും പൊതുസമൂഹത്തിന് സേവനം ലഭ്യമാക്കാന്‍ എം.പി എന്നനിലയില്‍ താന്‍ ഉന്നയിച്ച മൂന്നു വിഷയങ്ങളിലും ഉത്തരം ലഭിച്ചിട്ടില്ല.  ഉണ്ടായ വിവേചനത്തിനും സേവനം വൈകിയതിനുമുള്ള ഉത്തരം ലഭിച്ചിട്ടില്ല. കോഴിക്കോട്ടെ ജനങ്ങള്‍ക്കു മുന്നില്‍ താന്‍ ഇപ്പോഴും കരാറുകാര്‍ക്കുവേണ്ടി പരിശോധന നടത്താതെ ബില്‍ പാസാക്കാന്‍ തിരക്കുകൂട്ടിയ വ്യക്തിയാണ്. അതിന് പൊതുസമൂഹത്തിനു മുന്നില്‍ വ്യക്തത വരുത്തണം.  ഈ അടിസ്ഥാനമില്ലാത്ത ആരോപണത്തില്‍ വ്യക്തതവന്നശേഷം മാത്രമേ  തുടര്‍ന്നുള്ള കാര്യങ്ങളിലും തുറന്നസമീപനമുണ്ടാകുകയുള്ളൂവെന്ന് എം.കെ. രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ എം.പി ഫണ്ട് വിനിയോഗിക്കുന്നതില്‍ കലക്ടര്‍ തടസം നില്‍ക്കുകയാണെന്ന് എം.കെ രാഘവന്‍ ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയയും പിആര്‍ഡിയും ഉപയോഗിച്ച് കളക്ടര്‍ അവാസ്തവ പ്രസ്താവന നടത്തുന്നുവെന്നും കലക്ടര്‍ മാപ്പ് പറയണമെന്നും എം.പി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് കുന്നം കുളത്തിന്റെ മാപ്പ് ഫേസ്ബുക്ക് പേജിലിട്ടാണ് കലക്ടര്‍ പ്രതികരിച്ചിരുന്നത്.

ഫെയ്സ്ബുക്ക്  പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇത് എന്റെ സ്വകാര്യ ഫേസ്ബുക്ക് പേജാണ്. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും, പല കാര്യങ്ങളും പങ്കു വെക്കുകയും, ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം. ബഹു. കോഴിക്കോട് എം.പി. ശ്രീ.എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ട്. വ്യക്തിപരമായ പ്രശ്‌നം വ്യക്തിപരമായി തന്നെ പറഞ്ഞ് തീര്‍ക്കണം എന്നുമുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും ഇടയില്‍ പലരും ഉണ്ട് എന്നും ഞാന്‍ മനസ്സിലാക്കുന്നു. ബഹു. എം.പി.യെ അപമാനിക്കാന്‍ ഞാന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം. പി.യോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല. ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും, അവിവേകിയെന്നും, അധാര്‍മ്മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകള്‍ പറയണമെങ്കില്‍ അദ്ദേഹത്തിന് എന്നോട് എന്ത് മാത്രം ദേഷ്യം തോന്നിക്കാണും. അതിന് ഞാന്‍ തന്നെയാണ് പൂര്‍ണ്ണമായും ഉത്തരവാദി എന്ന് പറയാന്‍ എനിക്ക് മടിയില്ല. ചില കാര്യങ്ങളില്‍, ചില സന്ദര്‍ഭങ്ങളില്‍ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട് എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സിന് വിഷമം തോന്നിച്ച, എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു. ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് എന്റെ വിശ്വാസം, കോഴിക്കോടിന് വേണ്ടി.

Leave a Reply