Home » ഇൻ ഫോക്കസ് » പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും

പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം വിശുദ്ധ റമദാന് തിരശ്ശീല വീഴുകയായി. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവ്വാലില്‍ അമ്പിളിക്കല പുഞ്ചിരിച്ചാല്‍ വ്രതശുദ്ധിയുടെ പെരുന്നാളിന് തുടക്കമായി. പിന്നീട് അല്ലാഹു അക്ബര്‍ എന്ന മന്ത്രധ്വനികളുടെ ആരവമായിരിക്കും പള്ളികളില്‍ നിന്നുയരുന്നത്.പെരുന്നാളിന്  മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നാടും നഗരവും പെരുന്നാളിന്റെ ആഘോഷത്തിരക്കിലാണ്.

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവ്, പാളയം, ആര്‍പി മാള്‍, ഫോക്കസ് മാള്‍, ഹൈലൈറ്റ് മാള്‍, ബിഗ്ബസാര്‍ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാളിനായി സര്‍ക്കാരിന്റെത് അടക്കമുള്ള പ്രത്യേക വിപണന കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ പെരുന്നാള്‍ പ്രത്യേക വിപണി ത്രിവേണി സ്റ്റോറുകളില്‍ ആരംഭിച്ചു. ഖാദി മേളയും, സപ്ലൈകോയുടെ മെട്രോ മേളയും സജീവമാണ്.

ഇതിനുപുറമെ ഗുജറാത്ത്, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രത്യേക വില്‍പ്പന കേന്ദ്രങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. വിലക്കുറവും ഓഫറുകളുമായാണ് ഇതര സംസ്ഥാന വിപണികള്‍ മുന്നേറുന്നത്. പതിവുപോലെ കോല്‍ക്കത്ത, ബംഗളൂരു, മുംബൈ, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് വസ്ത്രശേഖരം കടകളില്‍ എത്തിക്കുന്നത്.

വസ്ത്രങ്ങളില്‍ വ്യത്യസ്ത മോഡലുകളുമായാണ് വസ്ത്രവിപണി ആവശ്യക്കാരെ സ്വാഗതം ചെയ്യുന്നതെങ്കില്‍  പെരുന്നാള്‍ സ്പെഷ്യല്‍ രുചിക്കൂട്ടുകളുടെ  വിസ്മയം തീര്‍ത്താണ് കോഴിക്കോട് കടപ്പുറം സ്വാഗതം ചെയ്യുന്നത്.

നഗരത്തില്‍ തിരക്കേറിയതോടെ ഗതാഗതക്കുരുക്കും കൂടി.  ഇഫ്താര്‍ സംഗമങ്ങളും സജീവമായി നടക്കുന്നുണ്ട്. നോമ്പു തുറക്കാന്‍ കുടുംബസമേതം ഹോട്ടലുകളില്‍ എത്തുന്നവരും ഏറെയാണ്. ഓരോ ഹോട്ടലുകളിലും വ്യത്യസ്ത നോമ്പുതുറ വിഭവങ്ങളുമുണ്ട്. ആവശ്യത്തിനുസരിച്ച് വിവിധതരം ഇഫ്താര്‍ പാക്കേജുകളും. ഒരു മാസം നീളുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം മനസ്സും ശരീരവും ശുദ്ധമാക്കി റമദാനെ വരവേല്‍ക്കാനൊരുങ്ങുകയാണ്  വിശ്വാസികള്‍.

Leave a Reply