Home » നമ്മുടെ കോഴിക്കോട് » സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല;നഗരത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല;നഗരത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്

അഗ്നിശമന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും തയ്യാറാകാത്ത നഗരത്തിലെ പ്രധാന വന്‍കിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍  ജില്ലാ കലക്ടറുടെ ഉത്തരവ്. തീപിടുത്തം സംബന്ധിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നഗരത്തിലെ  വന്‍കിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കലക്ടര്‍ എന്‍ പ്രശാന്ത് ഉത്തരവിട്ടത്.
നഗരപരിധിക്കുള്ളിലെ ചില ആശുപത്രികളുടെയും ഫ്ലാറ്റുകളുടെയും  പ്രവര്‍ത്തനം വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ്. ഇവര്‍ക്ക് നേരത്തേ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന കലക്ടറുടെ നിര്‍ദേശം ഭൂരിഭാഗം പേരും അവഗണിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടാനുള്ള ഉത്തരവ് കലക്ടര്‍ പുറപ്പെടുവിച്ചത്.

അഗ്നിശമന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും തയ്യാറാകാത്ത നഗരത്തിലെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളേജ് അടക്കമുള്ള പത്ത് വന്‍കിട സ്ഥാപനങ്ങള്‍ക്ക് എതിരെ അഗ്നിശമനസേന നേരത്തെ നോട്ടിസ് നല്‍കിയിരുന്നു.  നാല് വര്‍ഷത്തിനിടെ പല തവണ നോട്ടീസ് നല്‍കിയിട്ടും നിയമം പാലിക്കാന്‍ തയ്യാറാകാത്ത ഏഴ് സ്ഥാപനങ്ങള്‍ക്ക് എതിരെ കൂടി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം നടപടി ആവശ്യപ്പെട്ട് അഗ്നിശമന സേന കലക്ടറെ സമീപിപ്പിച്ചിരുന്നു.

സ്വകാര്യ മെഡിക്കല്‍ കോളേജായി കെഎംസിടിക്കും,ഫാത്തിമ, നാഷണല്‍ ആശുപത്രികള്‍ക്കും എതിരെയാണ് സേന നിലപാട് കടുപ്പിച്ചത്. നാല് വര്‍ഷത്തിനിടെ പലതവണ നോട്ടീസ് നല്‍കിയിട്ടും നിര്‍ദേശിക്കുന്ന ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മൂന്നു ആശുപത്രികളും തയ്യാറാവാത്ത സാഹചര്യത്തിലാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം നടപടിയെടുക്കാന്‍ കളക്ടറോട് ഫയര്‍ ഫോഴ്‌സ് ആവശ്യപ്പെട്ടിരുന്നത്. തങ്ങള്‍ നല്‍കിയ നോട്ടീസുകളോട് ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് ആശുപത്രി ഉടമകള്‍ പ്രതികരിച്ചതെന്ന് അഡീഷണല്‍ ഡിവിഷണല്‍ ഫയര് ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Leave a Reply