Home » ഇൻ ഫോക്കസ് » പിണ​റായി വിജയന്‍ സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് നാളെ; ജനകീയവിഷയങ്ങള്‍ക്ക് മുന്‍ഗണയെന്ന് സൂചന

പിണ​റായി വിജയന്‍ സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് നാളെ; ജനകീയവിഷയങ്ങള്‍ക്ക് മുന്‍ഗണയെന്ന് സൂചന

പിണറായി വിജയന്‍ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ജനങ്ങളില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റാകും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുക. അതിവേഗ റെയില്‍ ഉള്‍പ്പെടെയുളള വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും,  സാമ്പത്തിക മാന്ദ്യം മുന്നില്‍ക്കണ്ട് മാന്ദ്യവിരുദ്ധ പാക്കേജും ബജറ്റില്‍ ഉണ്ടാകും.

അധികം നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ ജനകീയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാകും ആദ്യ ബജറ്റെന്നാണ് സൂചന. എല്ലാവര്‍ക്കും പാര്‍പ്പിടം ലക്ഷ്യമിട്ടുകൊണ്ടുള്ള സമഗ്ര പദ്ധതിയും തീരദേശ പശ്ചാത്തല സൗകര്യം ലക്ഷ്യംവെച്ചുകൊണ്ടുള്ള തീരദേശ പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. നെയ്ത്ത്, കയര്‍ മേഖലയിലെ ഉത്പ്പന്നങ്ങള്‍ സംഭരിച്ച് വിപണനം നടത്തുന്ന പദ്ധതിയും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. കശുവണ്ടി വ്യവസായം സംരക്ഷിക്കുന്നതിന് പുറമെ കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയ്ക്കും ഐസക് രൂപം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

കാര്‍ഷിക മേഖലയിലെ തകര്‍ച്ച മറികടക്കാന്‍ നാളികേരം, റബ്ബര്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയുടെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ ശൃംഖലയും ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു. ആരോഗ്യ മേഖലയില്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാകും ബജറ്റ് ഊന്നല്‍ നല്‍കുക. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാനുള്ള പ്രഖ്യാപനവും ബജറ്റിന്റെ ഭാഗമായി ഉണ്ടായേക്കും.

എന്നാല്‍ ബജറ്റില്‍ ഏറ്റവുമധികം ഉറ്റുനോക്കുന്നത് മദ്യനയത്തിലെ മാറ്റമാണ്. സാക്ഷരതാ മിഷന്‍ മോഡലില്‍ ജനകീയ മുന്നേറ്റം മദ്യവര്‍ജ്ജന പദ്ധതിയായി പ്രഖ്യപിക്കും. മദ്യനയത്തിന്റെ പ്രത്യാഘാതം പഠിക്കാനുള്ള സമിതി രൂപീകരണത്തിനുള്ള പ്രഖ്യാപനവും തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply