Home » നമ്മുടെ കോഴിക്കോട് » ഡിഫ്തീരിയ; കോഴിക്കോട് ജില്ല ഭീതിയില്‍; മെ‍ഡിക്കല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തത് 23 കേസുകള്‍;പ്രതിരോധ കുത്തിവെപ്പ് വ്യാപിപ്പിക്കുന്നു

ഡിഫ്തീരിയ; കോഴിക്കോട് ജില്ല ഭീതിയില്‍; മെ‍ഡിക്കല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തത് 23 കേസുകള്‍;പ്രതിരോധ കുത്തിവെപ്പ് വ്യാപിപ്പിക്കുന്നു

ജില്ലയില്‍ ഡിഫ്തീരിയ ബാധിതരുടെ എണ്ണം കൂടുന്നു. മെഡിക്കൽ കോളേജിൽ 23 ഡിഫ്ത്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.എൽ.സരിത അറിയിച്ചു. ഇതിൽ ഏഴു കേസുകൾ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ്. രണ്ട് പേർ മരിച്ചു. രോഗികളിൽ നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. രോഗങ്ങള്‍ പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും പ്രതിരോധ കുത്തിവെയ്പ് ടിഡി വാക്സിന്‍ എടുത്തു തുടങ്ങി.

രോഗികളോട് അടുത്ത ഇടപഴകുന്നവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഐ.എം.എ, ഐ.എ.പി, പ്രൈവറ്റ് ഡോക്ടർമാർ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. സ്കൂൾ തലത്തിലും മറ്റും ബോധവത്കരണം ശക്തിപ്പെടുത്തുകയും കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികൾക്കു പ്രതിരോധ വാക്സിൻ നല്കുകയും ചെയ്യും.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡിഫ്ത്തീരിയ  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രോഗം പകരുന്നത് തടയാനും രോഗം വരാതിരിക്കാനും രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടറും അലോപതി-ഹോമിയോ-ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർമാരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

തെറ്റിദ്ധാരണകൾക്കും തെറ്റായ പ്രചരണങ്ങൾക്കും വശംവദരാകാതെ മുഴുവൻ കുട്ടികൾക്കും ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുളള കുത്തിവയ്പ്പുകൾ നൽകണം. സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ബുധനാഴ്ചകളിലും പ്രതിരോധ കുത്തിവെയ്പ്പുകൾ സൗജന്യമായി നൽകിവരുന്നുണ്ട്. ഇതിനു പുറമെ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തിയും ഇത് ചെയ്തുവരുന്നുണ്ട്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി രക്ഷിതാക്കൾ ആരോഗ്യപ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply