വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യബജറ്റിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനം. സംസ്ഥാനത്തെ വിദ്യാഭ്യാസ കച്ചവട ലോബിയെ ചെറുക്കുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനത്തെ സാധൂകരിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ നിലവാരമുയര്‍ത്താനുള്ള പദ്ധതി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. എല്ലാ മണ്ഡലങ്ങളിലും ഒരു സ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതാണ് പദ്ധതി. ഇതിനായി മാതൃകയാക്കുന്നത് കോഴിക്കോട് നടക്കാവ് സ്കൂളിനെ. സംസ്ഥാനത്ത് നടക്കാവ് സ്കൂള്‍ മാതൃക വ്യാപിപ്പിക്കും. 1000 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി വകയിരുത്തിയത്.
പൊതുവിദ്യാഭ്യാസവും പൊതുആരോഗ്യവും ഉറപ്പുവരുത്താനുള്ള ശ്രമം സര്‍ക്കാര്‍ ഏറ്റെടുക്കും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയര്‍ത്താന്‍ സമ്പൂര്‍ണ വാണിജ്യ വത്കരണമാണ് യുഡിഎഫ് സര്‍ക്കാര്‍ കണ്ട മാര്‍ഗം. ആ നയം എല്‍ഡിഎഫ് സര്‍ക്കാര്‍ പാടെ തള്ളിക്കളയുന്നു. അണ് എയ്ഡഡ് സ്കൂളുകളേക്ക് പഠന സൗകര്യം പൊതുവിദ്യാലയങ്ങളില്‍ ഉയര്‍ത്തും. എല്ലാ മണ്ഡലത്തിലും ഒരു സര്‍ക്കാര്‍ സ്കുള് അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിനായി 1,000 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജില്‍ പ്രഖ്യാപിക്കുന്നു. ഈ വര്‍ഷം 250 കോടി രൂപ ഇതിന് ചെലവ് പ്രതീക്ഷിക്കുന്നു. അനുബന്ധ സൗകര്യവികസനത്തിന് പിടിഎ, എംഎല്‍എ, എംപി ഫണ്ട്, മറ്റ് മാര്‍ഗങ്ങള്‍ എന്നിവ സമാഹരിക്കുന്നതിനുള്ള മാര്‍ഗം തേടും.
അധ്യാപകരുടെ നിലപാരം ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതിനടപ്പാക്കും. സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് നടക്കാവ് സ്കൂളില്‍ ചെയ്തതുപോലെ സര്‍ക്കാരുമായി സഹകരിക്കാന്‍ ചില ഫൗണ്ടേഷനുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. അവരുമായി ചേര്‍ന്നുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ വഴിയായിരിക്കും പദ്ധതി നടപ്പാക്കുക. കെട്ടിട നിര്‍മാണ ചെലവ് സര്‍ക്കാര്‍ വഹിക്കും. പാഠ്യ-പാഠ്യാനുബന്ധ ചെലവുകള്‍ ദാനസംരഭകരും പ്രദേശത്തുള്ളവരും വഹിക്കും. പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ അന്തര്‍ദേശീയ നിലവാരമുള്ള 1000 സ്കൂളുകള്‍ അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് സ്ഥാപിക്കും. 12ാം ക്ലാസ് വരെ ഹെടെക് ആക്കും. എയ്ഡഡ് സ്കൂളുകളെയും ഇതില്‍ പരിഗണിക്കും. സ്കൂളുകളെ ഹൈടെക് ആക്കുന്നതിന് 500 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു