സിറ്റി പൊലീസ് മേധാവിയെ പരസ്യമായി അവഹേളിക്കുന്ന ജീവനക്കാരന്റെ വാട്സ് ആപ് മെസേജ് വിവാദമാകുന്നു. സിറ്റി പൊലീസ് മേധാവി ഉമാബെഹ്റ രാഷ്ട്രീയനിര്ദ്ദേശാനുസൃതം പ്രവര്‍ത്തിക്കുന്നുവെന്ന സിറ്റി പൊലീസ് ഓഫീസിലെ എല്‍ഡി ക്ളര്‍ക്കായിരുന്ന എം ഷിബുവിന്റെ വാട്സ് ആപ് പരാമര്‍ശമാണ് പൊലീസ് തലപ്പത്ത് ചര്‍ച്ചയായത്. സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിലെ ജീവനക്കാരുടെയും പൊലീസുകാരുടെയും വാട്സ് ആപ് ഗ്രൂപ്പായ സിപിഒ ഫ്രന്ഡ്സിലാണ് ഈ പോസ്റ്റ്. ബുധനാഴ്ച രാത്രിയായിരുന്നു സര്‍വീസ് ചട്ടങ്ങളും അച്ചടക്കവും ലംഘിച്ചുള്ള പോസ്റ്റര്‍. ഓഫീസിലെ സെക്ഷന്‍ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഹെഡ്ക്ളര്ക്കായി പ്രൊമോഷന് ലഭിച്ചതിനാല്‍ ഷിബുവിന് വ്യാഴാഴ്ച മുതല്‍ റൂറല്‍ പൊലീസ് ഓഫീസിലാണ് ജോലി.
ബുധനാഴ്ച വൈകിട്ട് കമീഷണര്‍ ഓഫീസിലെ സെക്ഷന്‍ മാറ്റവുമായി ബന്ധപ്പെട്ട് കമീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് എന്‍ജിഒ അസോസിയേഷന് നേതാവായ ഷിബുവിന്റെ പരസ്യപ്രതികരണം. സിറ്റി പൊലീസ് കമീഷണര്‍ ഓഫീസില്‍ രണ്ടുവര്‍ഷം ഒരേ സെക്ഷനില്‍ ജോലിചെയ്ത മുഴുവന്‍ ക്ളര്ക്കുമാരെയുമാണ് കമീഷണര്‍ മാറ്റിയത്. എന്‍ജിഒ അസോസിയേഷനിലുള്ളവരെ അതേസീറ്റില്‍ നിലനിര്‍ത്താന്‍ വന്സമ്മര്ദവും ഭീഷണിയും പൊലീസ് മേധാവികളിലുണ്ടായിരുന്നു. സ്ഥലംമാറ്റത്തെക്കുറിച്ചും ഉമാബെഹ്റയുടെ രാഷ്ട്രീയ അടിമത്തത്തെക്കുറിച്ചും ഓഫീസില്‍ അവഹേളിച്ച് സംസാരിച്ചതിന്റെ തുടര്‍ച്ചയായിരുന്നു വാട്സ് ആപ്പിലൂടെയുള്ള കളിയാക്കല്‍.
വകുപ്പുതല ഉത്തരവിനെ രാഷ്ട്രീയമായി ആക്ഷേപിച്ച് ജീവനക്കാരന് പരസ്യപരാമര്‍ശം നടത്തുന്നത് ഗുരുതര അച്ചടക്കലംഘനമാണ്. ഇക്കാര്യം സിറ്റി പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് സൂചന. നേരത്തെ ഇതേ വാടസ് ആപ് ഗ്രൂപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ജീവനക്കാരിയെയും ബന്ധപ്പെടുത്തി ഇദ്ദേഹം മോശം പോസ്റ്റിട്ടിരുന്നു.