Home » ഇൻ ഫോക്കസ് » കാസര്‍ഗോഡ് നിന്നും കാണാതായ മലയാളികളില്‍ ഒരാള്‍ മുംബൈയില്‍ പിടിയില്‍

കാസര്‍ഗോഡ് നിന്നും കാണാതായ മലയാളികളില്‍ ഒരാള്‍ മുംബൈയില്‍ പിടിയില്‍

കാസര്‍ഗോഡ് നിന്ന് കാണാതായ മലയാളികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ. കാസര്‍ഗോഡ്  തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ ഫിറോസ് ഖാനെയാണ് ഞായറാഴ്ച രാത്രിയിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഡോഗ്രിയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ കേന്ദ്രത്തിൽ ഐ.ബി, റോ എന്നിവയുടെ നേതൃത്വത്തിൽ ഫിറോസിനെ ചോദ്യം ചെയ്യുകയാണെന്ന് റിപ്പോർട്ട്. കാസർകോട് നിന്ന് കാണാതായ 17 പേരിൽ ഒരാളാണ് ഫിറോസ്.

പത്തു ദിവസം മുമ്പ് ഫിറോസ് ഖാൻ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു. തങ്ങൾ ഇസ് ലാമിക രാജ്യത്തിലേക്ക് പോകാനാണ് യാത്ര പുറപ്പെട്ടതെങ്കിലും താൻ മുംബൈയിലുണ്ടെന്നാണ് ഫിറോസ് വീട്ടുകാരെ അറിയിച്ചത്. സംഘത്തിലെ മറ്റുള്ളവർ സിറിയയിലേക്ക് കടന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു.

ബന്ധുക്കൾ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് ഫിറോസ് ഖാൻ പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരങ്ങൾ ലഭിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

അതേസമയം, കാസര്‍ഗോഡ് നിന്ന് കാണാതായ 15 അംഗ സംഘത്തിലെ 12 പേർ ഇറാനിലെത്തിയതായി കേരളാ പൊലീസിന് വിവരം ലഭിച്ചതായി റിപ്പോർട്ട്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് സംഘം ഇറാനിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോടുള്ള യാത്രാ ഏജൻസിയാണ് ഇവർക്കുള്ള യാത്രാ രേഖകൾ തയാറാക്കി നൽകിയത്.

കാസര്‍ഗോഡ് നിന്ന് കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയുടെ മാതാവ് മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച പരാതി നൽകിയിരുന്നു. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ മാതാവ് ബിന്ദുവാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയത്.

Leave a Reply