കേരളത്തില്‍ മതമൗലിക വാദവും സ്വത്വവാദവും ഒക്കെ എന്നും ചര്ച്ചാവിഷയങ്ങളാണെങ്കിലും അടുത്തിടെ ഈ ചര്‍ച്ചകളുടെ തീ സോഷ്യല്‍ മീഡിയയിലും പൊതു മണ്ഡലത്തിലും ആളിക്കത്തിച്ചത് കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദിന്റെ മതദേഹം എന്ന കവിതയായിരുന്നു. 8 വര്‍ഷം മുന്‍പ് എഴുതിയ കവിത അടുത്തിടെ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സ്ത്രീകളുടെ മുഖം വരെ മൂടി കണ്ണുകള്ക്കുമുന്പില് പോലും വലക്കണ്ണികള്‍ നെയ്ത് അവരുടെ അസ്തിത്വം പൂര്‍ണമായി പൊതു സമൂഹത്തിന് മുന്പില് നിന്ന് മറച്ചു വെയ്ക്കുന്ന വേഷവിധാനത്തിനെതിരായ കവിത.
സ്വാഭാവികമായും കാട്ടുതീ പോലെ അത് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു. വലിയ അത്ഭുതമൊന്നും സംഭവിച്ചില്ല, റഫീക്ക് അഹമ്മദ് ഇസ്ലാമിനെ കുറ്റപ്പെടുത്തുവെന്നും ഇസ്ലാമിനെതിരായ പൊതുബോധം വളര്‍ത്താന്‍ സഹായിയ്ക്കുന്നുവെന്നും ആരോപിച്ച് നിരവധി മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ജമാ അത്തെ ഇസ്ലാമി മുതല്‍ എല്ലാവരും, സെക്കുലർ പക്ഷത്തുനിന്ന് ചിലരും ഇക്കാര്യത്തില്‍ ഒരുമിക്കുന്ന കാഴ്ചയും ഉണ്ടായിരുന്നു. സാധാരണ പോലെ തന്നെ ഇസ്ലാമിന്റെ സ്വത്വം, അതിനെതിരായ കടന്നാക്രമണം തുടങ്ങിയ വാദങ്ങളാണ് ഉന്നയിയ്ക്കപ്പെട്ടത്. തുടര്‍ന്ന് റഫീക്ക് അഹമ്മദ് തന്നെ അതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. മുഖവും കണ്ണും ഉള്‍പ്പെടെ മറയ്ക്കുന്ന വസ്ത്രങ്ങളിട്ട് സ്ത്രീയ്ക്ക് അസ്തിത്വം പോലും നിഷേധിയ്ക്കുന്നതിനെക്കുറിച്ചാണ് ആ കവിതയെന്നും മറിച്ച് മതപരമായ മറ്റൊരു വേഷവിധാനത്തെയും സ്വത്വചിഹ്നങ്ങളെയും അതില്‍ ചോദ്യം ചെയ്യുന്നില്ലെന്നും റഫീക്ക് അഹമ്മദ് വിശദീകരിച്ചു.
ചില നിലപാടുകളില്‍ എത്രമാത്രം ഐക്യപ്പെടുന്നു!
പക്ഷെ നടന്ന ചര്‍ച്ചകള്‍ മുഴുവന്‍ വേറെയായിരുന്നു. ഹിജാബടക്കമുള്ള ഇസ്ലാമിക വസ്ത്രധാരണ രീതികള്‍ എതിര്‍ക്കപ്പെടുന്നു. മുസ്ലിങ്ങള്‍ക്കെതിരെ കടന്നാക്രമണം നടക്കുന്നു. ഇന്ത്യയില്‍ ഹൈന്ദവ ഫാസിസ്റ്റ് ശക്തികളായ സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ ആക്രമിയ്ക്കുമ്പോള്‍ റഫീക്ക് അഹമ്മദിനെപ്പോലുള്ളവരും മറ്റ് ഇടത് മതേതരവാദികളുമൊക്കെ അതിനൊപ്പം മുസ്ലിങ്ങളെ ആക്രമിയ്ക്കുന്നു. ഇങ്ങനെ എല്ലാ കോണില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്ക് ഇസ്ലാം മത വിശ്വാസികള്‍ ഇരയാവുന്നു. എന്താണ് മതമൗലിക വാദികള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഈ വാദത്തിന്റെ യാഥാര്‍ത്ഥ്യം. എല്ലാ സമുദായങ്ങളിലും ജനസമൂഹങ്ങളിലും വേരുറച്ചു നിന്നിരുന്ന മൗലികവാദവും പിന്തിരിപ്പന് കാഴ്ചപ്പാടുകളും സ്ത്രീവിരുദ്ധ സമീപനങ്ങളുമൊക്കെ ഓരോ കാലത്ത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ സ്ത്രീയുടെ അസ്തിത്വം പോലും മറച്ചു വെയ്ക്കുന്ന സമീപനത്തിനെതിരെ ഉയരുന്ന ചെറിയ പ്രതികരണങ്ങള്‍ പോലും ആരെയൊക്കെയോ അലോസരപ്പെടുത്തുന്നു. അതിന്റെ ഭാഗമായി വരുന്ന മറുചോദ്യം അത് സ്ത്രീകള്‍ സ്വന്തം സമ്മത പ്രകാരം ചെയ്യുന്നതല്ലേ എന്നതാണ്. വിചിത്രമാണ് ഈ ചോദ്യം. കാരണം ഈ സമ്മതി എങ്ങനെ നിര്മിയ്ക്കപ്പെടുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. മുസ്ലിം സംഘടനകള്‍ക്കെതിരെ വിമര്‍ശനമുയരുമ്പോള്‍ മുസ്ലിങ്ങളെ വിമര്‍ശിക്കുന്നു, ആക്രമിയ്ക്കുന്നു എന്ന് ചിത്രീകരിയ്ക്കുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്.
ഉടുപ്പിയിലെ കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മഡെ സ്നാനെ എന്ന ദുരാചാരത്തിനെതിരെ നടക്കുന്ന സമരം ഇപ്പോള്‍ വാര്‍ത്തകളിലൂടെ പുറം ലോകം അറിഞ്ഞിട്ടുണ്ട്. ബ്രാഹ്മണരുടെ എച്ചിലിലയില്‍ ദളിതര്‍ കിടന്നുരുളുന്ന ഈ ആചാരത്തെ എതിര്‍ക്കുന്നവരോട് ഹിന്ദു മതത്തിന്റെ സംരക്ഷക വേഷം അണിയുന്ന സംഘപരിവാരം ഉയര്‍ത്തുന്നതും സമാനമായ ചോദ്യമാണ്. അവര്‍ അവരുടെ വിശ്വാസമനുസരിച്ച് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നിടത്ത് നിങ്ങള്‍ക്കെന്ത് കാര്യം. ഒരിയ്ക്കലും ചേരില്ലെന്ന് കരുതപ്പെടുന്ന ന്യൂനപക്ഷ മതമൗലികവാദ വര്‍ഗീയസംഘടനകളും ഭൂരിപക്ഷ വര്‍ഗീയ ഫാസിസ്റ്റുകളും ചില നിലപാടുകളില്‍ എത്രമാത്രം ഐക്യപ്പെടുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്.
അതുകൊണ്ടാണ് ഫ്രണ്ട് ഫുട്ടില്‍ കളിയ്ക്കാന്‍ കഴിയാത്തത്
ഏത് മതത്തിലായാലും സമുദായത്തിലായാലും മൗലികവാദത്തിനും വര്ഗീയതയ്ക്കുമൊക്കെ നിലനില്ക്കണമെങ്കില് അവിടത്തെ പ്രതിലോമഘടകങ്ങളൊക്കെ ചോദ്യം ചെയ്യപ്പെടാതെ നിലനിര്‍ത്തേണ്ടതുണ്ട്. സംഘപരിവാറിന്റേതിന് സമാനമായ മൗലികവാദ നിലപാടുകള്‍ ഉയര്ത്തിപ്പിടിയ്ക്കുന്നവര്ക്ക് അതിനെപ്പറ്റി ചോദിയ്ക്കുമ്പോള്‍ സംഘപരിവാറിനെതിരെ പറയാനുള്ള ഏകന്യായം ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസമായി വളരാനുള്ള ശേഷിയുള്ളത് സവര്‍ണ ഹൈന്ദവ ഫാസിസത്തിനാണ് എന്നതാണ്. അതായത് ശേഷിയുണ്ടായിരുന്നെങ്കില്‍ എന്നൊരു മറുചോദ്യത്തിന് സ്കോപ്പുണ്ട് എന്നര്‍ത്ഥം. അതുകൊണ്ടു തന്നെയാണ് വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഫ്രണ്ട് ഫുട്ടില്‍ കളിയ്ക്കാന്‍ അവര്‍ക്ക് കഴിയാത്തത്. ഞങ്ങള്‍ക്ക് ഫാസിസമാവാന് ശേഷിയില്ലല്ലോ എന്ന ദയനീയത മാത്രം കൈമുതലാവുമ്പോള്‍, മറ്റ് വിഷയങ്ങളില്‍ ഫാസിസ്റ്റ് ശക്തികളുടെ സമാന നിലപാട് കൈക്കൊള്ളുമ്പോള്‍ എങ്ങനെയാണ് അംഗീകരിയ്ക്കാനാവുക.
പിന്നത്തെ ചോദ്യം മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചൊക്കെ പറയാനുള്ള സമയം ഇതാണോ എന്നതാണ്. ഇത് ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനെതിരെ സമരം ചെയ്യേണ്ട സമയമല്ലേ. ഇപ്പോള്‍ ഇതൊക്കെ ചെയ്യാമോ. ഒരു സമരം നടക്കുമ്പോള്‍ പരസ്പര പൂരകമായ മറ്റൊരു സമരം സമുദായത്തിനകത്ത് നടക്കരുത് എന്നത് ആരുടെ യുക്തിയാണ്? സമരങ്ങള്‍ സന്ദിഗ്ധ ഘട്ടങ്ങളില്‍ പൊട്ടിപ്പുറപ്പെടുകയല്ലാതെ സമയവും മുഹൂര്‍ത്തവുമൊക്കെ നോക്കി ചെയ്യാനുള്ളതാണോ? അതല്ല നാളെ വൈകുന്നേരം വരെ ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ സമരം ചെയ്ത് അവരെ തോല്പിച്ച് മറ്റന്നാള്‍ രാവിലെ മുതല്‍ ഈ സമരം തുടങ്ങിയാല്‍ മതിയെന്നാണോ?
മുസ്ലിങ്ങള്‍ ഭൂരിപക്ഷവും ഈ വാദങ്ങള്ക്കൊപ്പമല്ലെന്ന് ആര്‍ക്കും മനസ്സിലാവുമെങ്കിലും മുസ്ലിങ്ങളുടെ കുത്തക സ്വയം അവകാശപ്പെടുന്ന മൗലികവാദ സംഘടനകളില്‍ ഭൂരിഭാഗത്തിന്റെയും നിലപാടുകള്‍ ഇതൊക്കെയായിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തില്‍ വേണം ഇതേ കാലയളവില്‍ പ്രഖ്യാപിയ്ക്കപ്പെട്ട മനുഷ്യസംഗമത്തിന്റെയും അമാനവസംഗമത്തിന്റെയും രാഷ്ട്രീയം പരിശോധിയ്ക്കാന്‍.
കുത്തക നിങ്ങള്‍ക്ക് ആരു തീറെഴുതി തന്നു
ഇവിടെയാണ് പര്ദ്ദവിവാദത്തെ വഴിതെറ്റിച്ച് അത് മുസ്ലിം വസ്ത്രധാരണ രീതിയെ എതിര്‍ക്കുന്നതാണെന്നും ഫാസിസം സംഹാരരൂപത്തില്‍ നില്ക്കുമ്പോള് ഇത്തരം പ്രശ്നങ്ങളല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും ഒക്കെ വാദിച്ചവരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരുന്നത്. ഇവിടെയും നടത്തുന്ന പ്രയോഗം മുസ്ലിമിനെ ഒഴിവാക്കുന്നു എന്നാണ്. ബോധപൂര്‍വം ഉന്നയിയ്ക്കുന്ന ഈ വാദത്തിനോട് കൃത്യമായി തിരിച്ചു ചോദിയ്ക്കേണ്ടത് മുസ്ലീമിന്റെ കുത്തക നിങ്ങള്‍ക്ക് ആരു തീറെഴുതി തന്നു എന്നു തന്നെയാണ്.
ഈ സംഘടനകളിലൊന്നും പെടാത്ത ലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് കേരളത്തില്‍ ജീവിയ്ക്കുന്നത്. വിവിധ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിച്ച് അവര്‍ക്കൊപ്പം മതേതര ചേരിയില്‍ നിന്ന് പ്രവര്‍ത്തിയ്ക്കുന്ന അവരുടെയൊന്നും മതപരമായ സ്വത്വം ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. മുപ്പത്തി മുക്കോടി വരുന്ന ഇവിടത്തെ മതമൗലികവാദ – വര്‍ഗീയ സംഘടനകളിലും പാര്ട്ടികളിലുമൊന്നും വിശ്വസിയ്ക്കാത്തവര്‍ തന്നെയാണ് ഇവിടത്തെ ഭൂരിപക്ഷം ഹിന്ദുവും മുസ്ലീമും എല്ലാം. ആ മതവിഭാഗങ്ങളിലെ ചെറിയ ഒരു ശതമാനത്തിന്റെ പിന്തുണ മാത്രം ചൂണ്ടിക്കാട്ടിയാണ് ഓരോ മത മൗലികവാദ സംഘടനകളും വര്‍ഗീയ സംഘടനകളും സമുദായത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നത്. മാത്രമല്ല, ഫാസിസം ഉന്മൂലനം ചെയ്യാന്‍ വരുമ്പോള്‍ സമുദായത്തിനകത്തെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാമോ എന്ന ഇരവാദമുയര്‍ത്തി നിലവിളിച്ചവരാണ് കുറിമാനം കിട്ടിയില്ലെന്ന കാരണമുയര്‍ത്തി ഫാസിസ്റ്റ് വിരുദ്ധ സംഗമത്തെ തള്ളിപ്പറയുന്നത്.
ഇന്ത്യയില്‍ ഫാസിസം നിര്വചിയ്ക്കപ്പെടുന്നതും നിര്വചിയ്ക്കപ്പെടേണ്ടതും ഭൂരിപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെടുത്തിയാണെന്നതില് ആര്‍ക്കും സംശയമുണ്ടാവില്ല. അതുകൊണ്ടു തന്നെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് ഫാസിസത്തെ ചെറുക്കാനുമാവില്ല. ന്യൂനപക്ഷ വര്‍ഗീയതയും മതമൗലികവാദവും എപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ഉല്പ്രേരകമാവുകയേ ഉള്ളൂ. എരിതീയില്‍ എണ്ണയൊഴിയ്ക്കാനേ അവരെക്കൊണ്ട് പറ്റൂ എന്ന് സാരം. സമൂഹത്തിന്റെ ബഹുസ്വരതയെ പ്രതിഫലിപ്പിയ്ക്കുന്ന, ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും എല്ലാം ഒത്തു ചേര്‍ന്ന മതേതര മുന്നേറ്റത്തിനു മാത്രമേ ഫാസിസത്തെ അടിയറ പറയിയ്ക്കാനാവൂ. ഫാസിസ്റ്റ് വിരുദ്ധര്‍ എന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിയ്ക്കുന്നവര് അതില്‍ ആത്മാര്‍ത്ഥതയുടെ തരിമ്പെങ്കിലും ഉണ്ടെങ്കില്‍ ആ ചേരിയെ ശക്തിപ്പെടുത്താനാണ് ശ്രമിയ്ക്കേണ്ടത്.
മതേതര മനുഷ്യചേരി മാത്രമാണ് പ്രസക്തമായിട്ടുള്ളത്
ഫാസിസത്തെ ചേര്ത്തുവെയ്ക്കേണ്ടത് മതവുമായല്ല, വംശവുമായാണെന്ന വാദമൊക്കെ ചില കോണുകളില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നു. അതുകൊണ്ട് മതേതര വാദികളെന്നവകാശപ്പെടുന്നവര് വിഷയത്തെ വഴി തെറ്റിയ്ക്കുകയാണെന്നും അവരുടെ ഉള്ളിലെ മേലാള ബോധം അതേപടി നിലനിര്‍ത്താന്‍ ജാതീയതയുമായി കൂടുതല്‍ ബന്ധമുള്ള വംശീയതയെ തൊടാതിരിയ്ക്കുകയാണെന്നുമാണ് പറയുന്നത്. വിചിത്രമാണ് ഈ വാദം. ഇന്ത്യയില്‍ വംശീയതയും കപട ദേശീയതയുമൊക്കെ എന്തുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ഹിന്ദു എന്നു മുതലാണ് ഹിന്ദുവായതെന്നും അതെപ്പോഴാണ് ഒരു മതമായതെന്നുമൊക്കെ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഈ ചോദ്യം ഉയര്‍ത്തുന്നവരോട് തിരിച്ചു ചോദിയ്ക്കേണ്ട ഒരു പ്രധാന ചോദ്യം അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇതില്‍ ഏതില്‍ നിന്ന് സംഘപരിവാരത്തെ മാറ്റി നിര്‍ത്തും എന്നാണ്.
ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ശുഭപ്രതീക്ഷയായി നില്‍ക്കുന്നത് മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ തയ്യാറുള്ള വിവിധ മതവിശ്വാസികളായ ആളുകള്‍ തന്നെയാണ്. ആ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന ജനകീയ മുന്നേറ്റം തന്നെയാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷ. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ദളിതനും എല്ലാം ഉള്‍പ്പെടുന്ന മതേതര മനുഷ്യചേരി തന്നെയാണ്, അതുമാത്രമാണ് പ്രസക്തമായിട്ടുള്ളത്.
അതിനിടയില്‍ മതമൗലികവാദവും വര്‍ഗീയവാദവും ഉയര്‍ത്തി കുറച്ചെങ്കില്‍ കുറച്ച് ആളുകളെ അടര്‍ത്തി മാറ്റിയെടുക്കാന്‍ ശ്രമിയ്ക്കുന്ന മതമൗലിക വര്‍ഗീയശക്തികളോടും അവര്‍ക്ക് പിന്തുണ നല്കുന്നവരോടും പറയാനുള്ളത് നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ നന്നായി അറിയുന്നു എന്നാണ്. വര്‍ഗീയ ഫാസിസത്തെ ചെറുക്കണമെങ്കില്‍ തത്വാധിഷ്ഠിധമായ വര്‍ഗീയവിരുദ്ധ നിലപാടുള്ളവരുടെ നിര ശക്തിപ്പെടുത്തണമെന്ന കാഴ്ചപ്പാടോടെ ബീഹാറില്‍ മത്സരിച്ച ഇടതുപക്ഷത്തെക്കുറിച്ച് മതേതര ചേരിയില്‍ വിള്ളലുണ്ടാക്കിയവരെന്ന് കുറ്റപ്പെടുത്തിയവര്‍ ഇരയായ മത വിഭാഗത്തെ മാത്രം വേര്‍തിരിച്ചു നിര്‍ത്തി വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച അസാസുദ്ദീന്‍ ഒവൈസിയെക്കുറിച്ച് തന്ത്രപരമായ മൗനം പാലിച്ചതും കണ്ടതാണ്.
മേല്‍ക്കൂര കത്തുമ്പോള്‍ കഴുക്കോല് ഊരിയെടുക്കാന്‍ ശ്രമിയ്ക്കുന്നവരേക്കാള് വലിയ റോളൊന്നും ഈ മതേതര സമൂഹത്തില്‍ നിങ്ങള്‍ക്കില്ല. ഉണ്ടാവുകയുമില്ല.