Home » ന്യൂസ് & വ്യൂസ് » കോഴിക്കോട് ലൈറ്റ്‌മെട്രോയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഡി.എം.ആര്‍.സി സമര്‍പ്പിച്ച പദ്ധതി ധനവകുപ്പ് അംഗീകരിച്ചു.

കോഴിക്കോട് ലൈറ്റ്‌മെട്രോയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഡി.എം.ആര്‍.സി സമര്‍പ്പിച്ച പദ്ധതി ധനവകുപ്പ് അംഗീകരിച്ചു.

കോഴിക്കോട് ലൈറ്റ്‌മെട്രോയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഡി.എം.ആര്‍.സി സമര്‍പ്പിച്ച പദ്ധതി ധനവകുപ്പ് അംഗീകരിച്ചു. വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെ അനുമതിയോടെ നിര്‍മ്മാണം തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. പതിനെട്ടുമാസംകൊണ്ട് പ്രാഥമിക പണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് മെട്രോമാന്‍ ഇ. ശ്രീധരന്റെ ഉറപ്പ്.

രണ്ടിടത്തുമായി 22.09 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതും ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡി.എം.ആര്‍.സി സമര്‍പ്പിച്ച 800കോടിയോളം രൂപയുടെ പദ്ധതിക്കാണ് ധനവകുപ്പ് അനുമതി നല്‍കിയത്.

കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 17.47 ഹെക്ടര്‍ സര്‍ക്കാര്‍ഭൂമിയും 4.62 ഹെക്ടര്‍ സ്വകാര്യഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. ഇതിന് 341കോടി രൂപ ചെലവുണ്ട്. തലസ്ഥാനത്തെ മൂന്നു മേല്‍പ്പാലങ്ങള്‍ക്ക് 272.86കോടി ചിലവുണ്ട്. പാലങ്ങള്‍ക്കായി 2.27ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. 163കെട്ടിടങ്ങള്‍ പൊളിക്കണം. തമ്പാനൂരില്‍ റെയില്‍വേസ്റ്റേഷനേയും ബസ്സ്‌റ്റേഷനേയും ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന്റെ രൂപരേഖ അന്തിമഘട്ടത്തിലാണ്.

നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങുന്നതിനും ഇറക്കുമതിക്കും 409കോടിയുടെ നികുതിയിളവും സംസ്ഥാനം അനുവദിക്കണം. ലൈറ്റ്‌മെട്രോയുടെ കോച്ചുകള്‍ വാങ്ങാനുള്ള കരാറുണ്ടാക്കുക, കോച്ചുകളുടെ ഡിസൈന്‍ തീരുമാനിക്കുക, കേബിളുകളും വൈദ്യുതി ടെലിഫോണ്‍ പോസ്റ്റുകളും മാറ്റി സ്ഥലമൊരുക്കുക എന്നിവയെല്ലാം പ്രാരംഭ ജോലികളില്‍പെടും. ധനവകുപ്പിന്റെ അനുമതിയായതോടെ ഇതെല്ലാം ഉടന്‍ ആരംഭിക്കാനാവും.

ലൈറ്റ്‌മെട്രോയ്ക്ക് അനുമതിയും കേന്ദ്രവിഹിതവുംതേടി കേരളം സമര്‍പ്പിച്ച 6,728കോടിയുടെ പദ്ധതി കേന്ദ്രനഗരകാര്യ മന്ത്രാലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം കിട്ടിയാല്‍ സംസ്ഥാനവിഹിതം ഉപയോഗിച്ച് ലൈറ്റ്‌മെട്രോയുടെ നിര്‍മ്മാണം ആരംഭിക്കാമെന്നാണ് ശ്രീധരന്റെ ശുപാര്‍ശ. പന്ത്രണ്ട് കേന്ദ്രമന്ത്രാലയങ്ങളുടേയും കേന്ദ്ര എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റേയും അനുമതിയും ലൈറ്റ്‌മെട്രോയ്ക്ക് ലഭിക്കേണ്ടതുണ്ട്.

ഭൂമിവില ഒഴിച്ചുള്ള മുഴുവന്‍ ചെലവും 0.3ശതമാനം പലിശയ്ക്ക് വായ്പയായി നല്‍കാമെന്ന് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ (ജിക്ക) സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കഴക്കൂട്ടം മുതല്‍ കേശവദാസപുരം വരെയും കോഴിക്കോട് മാനാഞ്ചിറ മുതല്‍ മീഞ്ചന്തവരേയും ദേശീയപാത വീതികൂട്ടാനുള്ള 801കോടിയുടെ പദ്ധതി ലൈറ്റ്‌മെട്രോയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ക്കേണ്ടെന്നും പ്രത്യേകകരാര്‍ വിളിക്കണമെന്നുമാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശം.

ലൈറ്റ്‌മെട്രോ
തിരുവനന്തപുരം: ടെക്‌നോസിറ്റി കരമന (21.82കി.മി ) 4219കോടി
കോഴിക്കോട്: മീഞ്ചന്ത മെഡി.കോളേജ് (13.30കി.മി)2509കോടി

Leave a Reply