രാവണനോടുള്ള യുദ്ധത്തിനു ഒടുവില്‍ ഒരു ചിറകറ്റ് ഭൂമിയിലേക്ക് പതിച്ച ജഡായുവിന്റെ സ്മരണയില്‍ നിന്നും ജഡായു പാറ ചിറക് വിരിച്ച് ഉയരുകയാണ്. ഒറ്റപ്പാറയില്‍ കൊത്തിയ ലോകത്തിലെ ഏറ്റവും വലിയ പക്ഷി രൂപം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. അടുത്ത വര്‍ഷം ആദ്യം കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ജഡായു പാറയിലെ നാച്ചുറല്‍ പാര്‍ക്കിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യപ്പെടും. അതോടെ കേരളത്തിലെത്തുന്ന സാഹസിക സഞ്ചാരി പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന് ഇതു തന്നെയായിരിക്കും.
സീതാ ദേവിയെ രാവണന് പുഷ്പക വിമാനത്തിലേറ്റി തട്ടി കൊണ്ടു പോകുമ്പോള്‍ തടയാന്‍ ശ്രമിച്ച ചടായുവിന്റെ ചിറക് അറുത്തുവെന്നും. ചിറക് അറ്റ ചടായു വീണ സ്ഥലമാണ് ചടയമംഗലത്തെ ജടായു പാറയെന്നുമാണ് വിശ്വാസം. ചടയമംഗലത്ത് തലയുയര്‍ത്തി നില്ക്കുന്ന ചടായു പാറ ടൂറിസം വകുപ്പ് മുന്‍കൈയ്യെടുത്ത് നാച്ചുറല്‍ പാര്‍ക്കായി മാറ്റുമ്പോള്‍ ഭൂമിയില്‍ വീണുകിടക്കുന്ന ജടായുവിന്റെ രൂപം തന്നെയാണ് നല്‍കിയിരിക്കുന്നത്. ശില്പ ഭംഗികൊണ്ടും വലിപ്പം കൊണ്ടും ആരുടെയും കണ്ണുകളെ വിസ്മയിപ്പിക്കുന്ന രൂപം.
ഒറ്റപ്പാറയില്‍ കൊത്തിയ ലോകത്തിലെ ഏറ്റവും വലിയ പക്ഷി രൂപവും ഇതു തന്നെയാണ്. 150 അടി വീതിയും 200 അടി നീളവും 70 അടി ഉയരവും പാറയിലെ ജഡായുവിന്റെ രൂപത്തിനുണ്ട്. ദുബൈ ടൂറിസവുമായുള്ള സഹകരണവും പദ്ധതിയെ ശ്രദ്ധേയമാക്കിയിരുന്നു. പ്രതിമയ്ക്ക് ഉള്ളില്‍ 6 ഡി തിയറ്റര്‍ അടക്കമുള്ള ഡിജിറ്റല്‍ മ്യൂസിയവും സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് നിരവധി സാങ്കേതിക അത്ഭുതങ്ങളും ഇതിനുള്ളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. സാഹസിക സഞ്ചാരത്തിന് പ്രധാന്യം നല്‍കിയാണ് പാര്‍ക്കിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്. പാര്‍ക്കിലെത്തിയാല്‍ റോക് ക്ലിമ്പിംഗ് അടക്കമുള്ള 20ഓളം രസകരമായ മത്സരക്കളികളും ഉണ്ടായിരിക്കും. 100 കോടി രൂപയാണ് ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി നീക്കിവച്ചത്.