Home » നമ്മുടെ കോഴിക്കോട് » സ്ത്രീകള്‍ക്കിനി ‘ശുഭരാത്രി’

സ്ത്രീകള്‍ക്കിനി ‘ശുഭരാത്രി’

അസമയങ്ങളില്‍ വടകര നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് രാത്രിയില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ ജനമൈത്രി പൊലീസ് തയ്യാറെടുക്കുന്നു. വടകര നഗരസഭയും തണല്‍ അഗതിമന്ദിരവും പൊതുജന കൂട്ടായ്മകളുടെയും സഹകരണത്തോടെ ജനമൈത്രി പൊലീസാണ് വടകര നഗരസഭാ പരിധിയില്‍ ശുഭരാത്രി പദ്ധതി ആരംഭിക്കുന്നത്. നവംബര്‍ ആദ്യവാരത്തില്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടക്കും.
നഗരത്തിന്റെ തെരുവുകളിലും കടവരാന്തകളിലും ബസ്സ്റ്റാന്‍ഡിലും മറ്റും രാത്രി കഴിച്ചുകൂടുന്ന സ്ത്രീകളെ കണ്ടെത്തി സുരക്ഷിത താവളമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവിത പ്രതിസന്ധികളില്‍ ഒറ്റപ്പെടുന്നവരും അവിചാരിതമായ കാരണങ്ങളാല്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരെയും രാത്രിയുടെ മറവില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന തിരിച്ചറിവിലാണ് ഇത്തരത്തിലൊരു പദ്ധതിക്ക് മുന്‍കൈയെടുത്തത്. രാത്രി ഏഴുമുതല്‍ ഒമ്പതുവരെ നഗരത്തില്‍ വളണ്ടിയര്‍മാര്‍ വാഹനവുമായി ഒറ്റപ്പെട്ടവരെ കണ്ടെത്തും. വളണ്ടിയര്‍ ഗ്രൂപ്പില്‍ പങ്കെടുക്കാന്‍ താത്പര്യം കാണിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കുടുംബശ്രീ യൂണിറ്റുകളും ജാഗ്രതാ സമിതി പ്രവര്‍ത്തകരുമെല്ലാം എത്തുന്നുണ്ട്.
പൊലീസിനൊപ്പം സേവന തല്‍പരായ യുവതി യുവാക്കള്‍ അടങ്ങിയ വളര്‍ണ്ടിയര്‍ ഗ്രൂപ്പ് നഗരത്തില്‍ ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തി രാത്രി ഷെല്‍ട്ടറിലെത്തിക്കും. ഇതിനായി സിവില്‍ പൊലീസ് ഓഫീസറുടെയും പൊലീസ് വാഹനത്തിന്റെയും ആംബുലന്‍സിന്റെയും സഹായം ഉറപ്പുവരുത്തും. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ തെരുവോരത്ത് ക്രൂരമായി പീഡിക്കപ്പെടുമ്പോള്‍ അവരുടെ മുന്‍ കരുതലിനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പൂര്‍ണസമയ സഹായം ലഭ്യമാക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് എന്‍ വിജയകുമാര്‍ അറിയിച്ചതായി സിഐ വ്യക്തമാക്കി.
മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരനെ ചെയര്‍മാനായും സിഐ എ ഉമേഷിനെ കണ്‍വീനറായും തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസിനെ കോ-ഓര്‍ഡിനേറ്ററായും ശുഭരാത്രി പ്രവര്‍ത്തക സമിതി നിലവില്‍ വന്നു.
ശുഭരാത്രി വളണ്ടിയര്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ വടകര സിഐ ഓഫീസ്, തണല്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടേണ്ടതാണ്. ശുഭരാത്രി പദ്ധതിയുടെ ലോഗോ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2513474, 9497987186.

Leave a Reply