മാര്ട്ടിന് പ്രക്കാട്ട് എന്ന സംവിധായകനിലോ ദുല്‍ഖര്‍ സല്മാന് എന്ന താരപുത്രനിലോ ഉള്ള പ്രതീക്ഷയല്ല ചാര്‍ളിയ്ക്ക് ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ഉണ്ണി ആര് എന്ന കഥാകാരന്റെ സൃഷ്ടികളോട് ഉള്ള പ്രതീക്ഷയുടെ പുറത്താണ് രാവിലെ തന്നെ തിയറ്ററിലേക്ക് വണ്ടി കയറിയത്.
തമിഴ് സൂപ്പര്‍ താരങ്ങളുടെ സിനിമാ റിലീസ് ദിവസം തിയറ്ററിനു മുന്നില്‍ ആരാധകര്‍ കാട്ടിക്കൂട്ടുന്ന അതേ കലാപരിപാടികളെല്ലാം ചാര്‍ളിയുടെ റിലീസിന് ദുല്‍ഖര്‍ ഫാന്‍സുകാരും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പാലഭിഷേകം മുതല്‍ ബാന്റ് മേളം വരെ തിയറ്ററിനെ പൂരപ്പറമ്പാക്കി. ആദ്യഷോ ഹൗസ്ഫുള് ആയതിനാല്‍ രണ്ടാമത്തെ ഷോയ്ക്കുള്ള കാത്തിരിപ്പ്. പക്ഷെ അതിനിടയില്‍ ഫാന്‍സുകാര്‍ക്ക് ഒന്ന് അമര്‍ത്തി വിസിലടിക്കാന്‍ പോലുമുള്ള വകുപ്പ് ചാര്‍ലിയില്‍ ഇല്ലെന്ന നഗ്ന സത്യം ആദ്യ ഷോയ്ക്ക് ശേഷം മനസിലാക്കിയ ആരാധകര്‍ മെല്ലെ മെല്ലെ സ്ഥലം വിട്ട് തുടങ്ങി.
ഒടുവില്‍ എല്ലാം കെട്ടടങ്ങി ശാന്തമായ അന്തരീക്ഷത്തിലാണ് ഉണ്ണി ആര് വലിച്ച് നീട്ടി ഉണക്കി പരത്തിയ ചാര്‍ലിയുടെ തിരക്കഥയുടെ ചലച്ചിത്രാവിഷ്കാരം കണ്ടത്. 2 മണിക്കൂറും 10 മിനിറ്റും മാത്രമാണെങ്കിലും വലിയൊരു ഇഴച്ചില്‍ തന്നെയാണ് ചിത്രത്തിനുള്ളത്. കാറ്റിനോടാണ് ചാര്‍ലി എന്ന കഥാപാത്രത്തെ ഉപമിക്കുന്നത്. സത്യത്തില്‍ ഉള്ളിലൊന്നുമില്ലാത്ത, കാണാനാവാത്ത, എന്നാല്‍ ചെറിയൊരു കുളിരുള്ള ചിത്രമാണ് ചാര്‍ളി. ടെസ്സ എന്ന നായിക കഥാപാത്രത്തിലൂടെയാണ് ചാര്‍ളിയിലേക്ക് കടന്നു ചെല്ലുന്നത്.
ചാര്‍ലി എല്ലാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്, വേഷത്തില്‍ ആയാലും സ്വഭാവത്തിലായാലും, ജീവിതത്തിലായാലും. അടുക്കും ചിട്ടയുമില്ലാതെ മറ്റുള്ളവരുടെ സന്തോഷത്തില്‍ സ്വയം സന്തോഷം കണ്ട് ജീവിക്കുന്ന ചാര്‍ലിയുടെ മുറിയിലേക്ക് അവിചാരിതമായി വന്നു കൂടുന്നതാണ് ടെസ്സ. പിന്നീട് ചാര്‍ലി ആരാണ്, എന്താണ് എവിടെയാണ് തുടങ്ങി ടെസ്സയുടെ അന്വേഷണം ആരംഭിക്കുന്നു. ഇതിനിടെ ചാര്‍ലിയിലൂടെ കടന്നുപോയ മറ്റ് കുറേ കഥാപാത്രങ്ങളെ ടെസ്സയും കാണുന്നു, പരിചയപ്പെടുന്നു, ചാര്‍ലിയെക്കുറിച്ച് അറിയുന്നു. ഏറെക്കുറേ തന്റെ അതേ ഇഷ്ടങ്ങളുള്ള ചാര്‍ലിയെ ടെസ്സ സ്നേഹിക്കുന്നു. ഒടുവില്‍ ഇരുവരും കണ്ടുമുട്ടുകയും പിന്നീടുള്ള യാത്ര (ജീവിതയാത്രയടക്കം) ഒരുമിച്ച് തുടരുകയും ചെയ്യുന്നു.
ചാര്‍ളിയിലേക്ക് ടെസ്സ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരമായ, വ്യത്യസ്തമായ തീം. പക്ഷേ, അതിനെ തിരക്കഥ ആക്കിയപ്പോള്‍ ഉണ്ണി ആറിന് പിഴച്ചു. ആ പിഴവ് രണ്ടാം പകുതിയ്ക്ക് ശേഷം പ്രേക്ഷകരിലേക്ക് മടുപ്പ് ഉളവാക്കുന്നു. ചിത്രത്തിന്റെ ഫീലിന് തടസ്സം സൃഷ്ടിക്കുന്നു. സൗബീന്‍ ഷാഹിര്‍, നെടുമുടി വേണു, കല്പന, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, രമേശ് പിഷാരടി, അപര്‍ണ്ണ ഗോപിനാഥ്, കെപിഎസി ലളിത തുടങ്ങിയവരാണ് ചാര്‍ലിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നെടുമുടി അവതരിപ്പിച്ച കഥാപാത്രത്തിനൊഴികെ ഒരു കഥാപാത്രത്തിനും വ്യക്തമായ സ്വത്വം നല്കാന് പോലും തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല.
അവതരണത്തിലെ പുതുമ കൊണ്ട് ഒരു പരിധി വരെ ചാര്‍ലിയെ പിടിച്ച് നിര്‍ത്താന്‍ സംവിധായകന് മാര്ട്ടിന് പ്രക്കാട്ടിന് സാധിച്ചിട്ടുണ്ട്. ജോമോണ്‍ ടി ജോണ്‍ സമ്മാനിച്ച മനോഹരമായ ഫ്രെയിമുകള്‍, ഗോപിസുന്ദറിന്റെ വ്യത്യസ്തമായ ഈണങ്ങള്‍, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം തുടങ്ങിയവയെല്ലാം ചാര്‍ലിയ്ക്ക് മാറ്റുകൂട്ടി. 2 മണിക്കൂര്‍ 10 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള സിനിമ പലയിടത്തും ഇഴയുന്നുണ്ടെങ്കിലും ദുല്‍ഖര്‍ സല്മാന് എന്ന താരത്തിന്റെ ഫാന്‍സുകാരുടെ ആവേശത്തില്‍ സിനിമ സാമ്പത്തിക വിജയം നേടിയേക്കും. എന്നാല്‍ ഒരു മികച്ച ചലച്ചിത്രം എന്ന പേര് നേടാന്‍ ചാര്‍ളിയ്ക്ക് സാധിക്കില്ല.