Home » നമ്മുടെ കോഴിക്കോട് » മുസ്ലിം സ്ത്രീകളുടെ പൊതു വേദിയിലെ പ്രസംഗം : മായിൻ ഹാജിക്ക് ചരിത്രമറിയില്ലെന്നു മുസ്ലിം പണ്ഡിതൻ

മുസ്ലിം സ്ത്രീകളുടെ പൊതു വേദിയിലെ പ്രസംഗം : മായിൻ ഹാജിക്ക് ചരിത്രമറിയില്ലെന്നു മുസ്ലിം പണ്ഡിതൻ

കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ മായിന്‍ഹാജി .’സ്ത്രീകള്‍ ആണുങ്ങളുടെ മുന്നില്‍ സംസാരിച്ച ചരിത്രമുണ്ടായിട്ടില്ല’ എന്ന് പറഞ്ഞു വിലക്കുകയായിരുന്നു വാർത്തകൾ പുറത്തുവന്നതോടെ മായിൻ ഹാജിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു
മായിൻ ഹാജിക്ക് ചരിത്രമറിയുമോ എന്ന് ചോദിച്ചു ഫേസ് ബുക്ക് പോസ്റ്റ് ചെയ്തത് മുസ്ലിം പണ്ഡിതനായ എമ്മാർ കിനാലൂരാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെemmar

എം ഹലീമാബീവി എന്ന പേർ മലയാളികളിൽ അധികപക്ഷവും കേട്ടിരിക്കാൻ ഇടയില്ല.
പത്ര പ്രവർത്തന- പ്രസാധന രംഗത്തേക്ക്‌ കടന്നുവന്ന മലയാളി വനിതകളുടെ മുൻഗാമികളിൽ പ്രമുഖയാണു അവർ. 1918ൽ ജനിച്ച ഹലീമാബീവി പതിനേഴാമത്തെ വയസ്സിൽ തന്നെ അറിയപ്പെടുന്ന എഴുത്തുകാരിയും പത്രപ്രവർത്തകയുമായി. അവരുടെ പത്രാധിപത്യത്തിൽ ഇറങ്ങിയ ‘ഭാരത ചന്ദ്രിക’ എന്ന മാസികയിൽ വൈക്കം മുഹമ്മദ്‌ ബഷീർ സഹപത്രാധിപർ ആയിരുന്നു!
എം കൃഷ്ണൻ നായർ മുതൽ സുകുമാർ അഴീക്കോട്‌ വരെയുള്ള, സാഹിത്യ ലോകത്തെ അന്നത്തെ ഗജകേസരികളൊക്കെ ‘ഭാരത ചന്ദ്രിക’യിൽ എഴുതിയിരുന്നു. സ്ത്രീകൾക്ക്‌ എഴുത്ത്‌ പഠിക്കുന്നതിനു പോലും വിലക്കുള്ള ഒരു കാലത്താണു ഹലീമാ ബീവി പല പത്രങ്ങളുടെയും പത്രാധിപയും പ്രസാധകയുമാകുന്നത്‌ എന്നോർക്കണം.
ഹലീമാ ബീവി ഒരു എഴുത്തുകാരി മാത്രമായിരുന്നില്ല, ഉജ്വല പ്രഭാഷകയും സംഘാടകയും ആക്റ്റിവിസ്റ്റുമായിരുന്നു. മുസ്ലിം സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ എതിർത്തും സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളെ തുറന്നുകാട്ടിയും അവർ നടത്തിയ പ്രസംഗങ്ങൾ ശക്തവും ഉജ്വലവുമായിരുന്നു.
അറുപതുകളിൽ കോഴിക്കോട്‌ ഫ്രാൻസിസ്‌ റോഡിൽ നടന്ന മുജാഹിദ്‌ സമ്മേളനത്തിൽ ഹലീമാ ബീവി നടത്തിയ ഒരു പ്രസംഗമുണ്ട്‌. സ്ത്രീകൾ അടുക്കളയിലെ ഇരുട്ടിൽ കഴിയുകയും കുഞ്ഞുങ്ങളെ പെറ്റുവളർത്തുകയും ചെയ്യേണ്ട പാവകളല്ല എന്നും മതം അനുവദിച്ചു നൽകിയ സ്വാതന്ത്ര്യം സ്ത്രീകൾക്ക്‌ മുന്നിൽ കൊട്ടിയടച്ച പൗരോഹിത്യത്തിനെതിരെ രംഗത്തു വരണം എന്നുമൊക്കെയായിരുന്നു അതിന്റെ ഉള്ളടക്കം. മുജാഹിദ്‌ പ്രസ്ഥാനത്തിനു വനിതാ വിഭാഗം ഉണ്ടാകുന്നതിനും എത്രയോ മുംബായിരുന്നു ആ പ്രസംഗം.
പുരുഷന്മാരുള്ള വേദിയിൽ സ്ത്രീകൾ പ്രസംഗിക്കുന്ന ഒരു പാരമ്പര്യം കേരള മുസ്ലിംകൾക്കുണ്ടോ എന്ന് സംശയിക്കുന്നവരുടെ അറിവിലേക്കാണു ഇപ്പോൾ ഈ ചരിത്രം ഓർമ്മിപ്പിച്ചത്‌.
ഈ മായിൻ ഹാജി ചരിത്രം വല്ലതുമറിയുമോ?!

Leave a Reply