Home » നമ്മുടെ കോഴിക്കോട് » സവാരിഗിരിഗിരി വൈകിപ്പോയെന്ന് കലക്ടര്‍

സവാരിഗിരിഗിരി വൈകിപ്പോയെന്ന് കലക്ടര്‍

വിദ്യാര്‍ത്ഥികള്‍ക്കായി കലക്ടര്‍ ഒരുക്കിയ സവാരിഗിരിഗിരി യാത്ര പദ്ധതി മൂന്നുമാസത്തോളം വൈകിയതായി കലക്ടര്‍ തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചു.

ഒക്ടോബർ മാസത്തോടെ പദ്ധതി തുടങ്ങണം എന്ന് കരുതിയെങ്കിലും വിചാരിച്ച പോലെ സമയത്ത് നടന്നില്ല എന്ന് അഭിപ്രായപ്പെടുന്ന കലക്ടര്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള തിരക്കിലാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഒരു ലക്ഷത്തി നാൽപതിനായിരത്തോളം വരുന്ന വിദ്യാർഥികൾക്കായി ജനുവരി അവസാനത്തോടെ പദ്ധതിക്ക് തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ് കലക്ടര്‍.

കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്…

വിദ്യാർത്ഥികൾക്ക് അന്തസ്സായി ബസ് യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് സവാരി ഗിരി ഗിരി പദ്ധതി കൊണ്ടു ഉദ്ദേശിക്കപ്പെടുന്നത്. വിദ്യാർത്ഥി കണ്‍സെഷൻ കൊണ്ടു ബസ്സുടമകൾക്കു ഉണ്ടാവുന്ന വരുമാനക്കുറവ് എല്ലാ ബസ്സുടമകളും കൂടി വീതിക്കുക എന്നതാണു ആശയം. ഒക്ടോബർ മാസത്തോടെ പദ്ധതി തുടങ്ങണം എന്നായിരുന്നു (വ്യാ)മോഹം. പല ഘട്ടത്തിലും കാര്യങ്ങൾ വിചാരിച്ച അത്ര വേഗത്തിൽ നീങ്ങിയില്ല. സ്കൂളുകളിൽ നിന്നും കണ്‍സെഷൻ ആവശ്യമുള്ള കുട്ടികളുടെ എണ്ണം കിട്ടാൻ കാലതാമസമെടുത്തു . 138 സ്കൂളുകളിൽ നിന്നായി 138,000 കുട്ടികളുടെ ലിസ്റ്റാണു ഇതിനകം കിട്ടിക്കഴിഞ്ഞിട്ടുള്ളത്. കൂടുതൽ കാത്തു നില്ക്കാതെ ഈ കുട്ടികൾക്ക് വേണ്ടി പദ്ധതി തുടങ്ങാനും ഇനിയും ലിസ്റ്റ് അയക്കാത്ത സ്കൂളുകളെ ലിസ്റ്റ് കിട്ടുന്ന മുറക്ക് ഉൾപ്പെടുത്താനുമാണ് ഇപ്പോൾ ആലോചിക്കുന്നത്.

ജില്ലയിൽ ബസ്സുടമകൾക്ക് പ്രധാനമായും മൂന്നു സംഘടനകളാണ് ഉള്ളത്. ഇവരുമായി ചർച്ച ചെയ്ത് തീരുമാനമാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സംഘടനകളിൽ അംഗങ്ങളല്ലാത്ത ഒറ്റപ്പെട്ട ബസ്സുടമകളെ പ്രോജക്ടിൽ ചേർക്കാൻ ജില്ലയിലെ 18 ബസ് സ്ടാന്റുകൾ കേന്ദ്രീകരിച്ച് ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.

പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികൾക്കുള്ള സ്മാർട്ട് കാർഡിന്റെ ചെലവ് ആര് വഹിക്കും എന്നതായിരുന്നു മറ്റൊരു പ്രശ്നം. ഒരു ലക്ഷം കാർഡുകൾ സ്പോണ്‍സർ ചെയ്യാനുള്ള ഉത്തരവാദിത്തം കഴിഞ്ഞയാഴ്ച ഫെഡറൽ ബാങ്ക് ഏറ്റെടുത്തതോടെ ഇക്കാര്യത്തിലും ഒരു സമാധാനമായിട്ടുണ്ട്.

ചുരുക്കത്തിൽ പറഞ്ഞാൽ സവാരിഗിരിഗിരി ഇങ്ങനെയൊക്കെ ഒരു മൂന്നു മാസം വൈകി. പക്ഷെ ഇതിനകം റജിസ്റ്റർ ചെയ്ത ഒരു ലക്ഷത്തി നാൽപതിനായിരത്തോളം വരുന്ന വിദ്യാർഥികൾക്കായി ജനവരി അവസാനത്തൊടെ പദ്ധതി തുടങ്ങാൻ പറ്റുമെന്നാണു പ്രതീക്ഷ.

Leave a Reply