Home » കലാസാഹിതി » അന്താരാഷ്ട്ര നാടകോത്സവം ജനുവരി പത്തു മുതല്‍

അന്താരാഷ്ട്ര നാടകോത്സവം ജനുവരി പത്തു മുതല്‍

കേരള സംഗീത നാടക അക്കാദമിയുടെ എട്ടാമത് രാജ്യാന്തര നാടകോത്സവത്തിന് ജനുവരി 10 മുതല്‍ 16 വരെ അക്കാദമി കാമ്പസ് വേദിയാവുകയാണ്. ചന്ദ്രലേഖ ഗ്രൂപ്പിന്‍റെ ‘’ശരീര’ എന്ന സമകാലീന നൃത്തരൂപത്തിന്‍റെ അവതരണത്തോടെ തുടക്കം കുറിക്കുന്ന നാടകോത്സവത്തില്‍ പന്ത്രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ അരങ്ങേറും.

ഏഴ് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തില്‍ ലോകനാടകം,  ഇന്ത്യന്‍നാടകം,  മലയാളനാടകം,  റേഡിയോനാടകം, പാരമ്പര്യകലകള്‍,  നാടകസിനിമകള്‍ എന്നീ ഇനങ്ങളിലായിരിക്കും നാടകങ്ങള്‍ അവതരിപ്പിക്കുക. മേളയോടൊപ്പം ‘മീറ്റ് ദ ആര്‍ട്ടിസ്റ്റ്സ്’, ‘ഡയറക്ടേഴ്സ് റൗണ്ട് ടേബിള്‍ ടോക്’ എന്നിവയുമുണ്ടാകും.

കെ ടി മുഹമ്മദ് സ്മാരക തിയറ്റര്‍,  നടന്‍ മുരളി തുറസ്സരങ്ങ്,   നാട്യഗൃഹം,  അക്കാദമി ഉദ്യാനം,  കോര്‍പറേഷന്‍ ഹോക്കി മൈതാനം എന്നിവയാണ് പ്രധാന നാടകവേദികള്‍. ഓരോ ദിവസത്തെയും നാടകങ്ങളുടെ ചിത്രങ്ങള്‍ പിറ്റേന്ന് ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ചിത്രകാരന്‍മാര്‍ ക്യാന്‍വാസില്‍ പകര്‍ത്തും.

ജര്‍മനി,  ജപ്പാന്‍,  ലബനോന്‍,  തുര്‍ക്കി,  മലേഷ്യ,  സിംഗപ്പൂര്‍,  ബെല്‍ജിയം,  ഫ്രാന്‍സ്,  ഇറാന്‍,  ഇറാഖ്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലെ നാടക സംഘങ്ങളും നാടകോത്സവത്തില്‍ പങ്കെടുക്കും. ഒ വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കിയ ദീപന്‍ ശിവറാമിന്‍റെ നാടകാവിഷ്കാരവും, മലയാളത്തിലെ ആദ്യ സാമൂഹിക നാടകമെന്നു വിശേഷിപ്പിച്ച ശ്രീനാഥ് നായര്‍ പുനരാവിഷ്കരിച്ച് മലയാളിക്കു മുന്നിലെത്തിച്ച ‘മറിയാമ്മ’ നാടകവുമുള്‍പ്പെടെ നാല് മലയാളം നാടകങ്ങളും അവതരിപ്പിക്കും.

നാടകങ്ങള്‍ കാണാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി രണ്ടിന് രാവിലെ പത്തിനാണ് ആരംഭിക്കുക. ജനുവരി ആറിന് പകല്‍ 11 മുതല്‍ വൈകിട്ട് നാലുവരെ അക്കാദമി ഓഫീസില്‍ നിന്നും ടിക്കറ്റുകള്‍ നേരിട്ടും ലഭിക്കും. ഒരു നാടകത്തിന് 20 രൂപയാണ് നിരക്ക്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തവര്‍ക്കുള്ള പാസുകള്‍ എട്ട് മുതല്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും.

Leave a Reply