Home » നമ്മുടെ കോഴിക്കോട് » ‘ക്ലീന്‍ ഗ്ലാന്‍’ ഇനി താമരശ്ശേരി ചുരം മാലിന്യമുക്തം

‘ക്ലീന്‍ ഗ്ലാന്‍’ ഇനി താമരശ്ശേരി ചുരം മാലിന്യമുക്തം

ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന താമരശ്ശേരി ചുരം ഇനി ക്ളീൻ . സാമൂഹിക വിരുദ്ധര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയ താമരശേരി ചുരത്തില്‍ മെഗാ ശുചീകരണം. പത്തു ടണ്ണോളം മാലിന്യമാണ് നീക്കം ചെയ്തത്. ചുരം സംരക്ഷണ സമിതി രൂപം നല്‍കിയ ‘ക്ലീന്‍ ഗ്ലാന്‍’ പദ്ധതി പ്രകാരമായിരുന്നു മാലിന്യം നീക്കല്‍. പരിപാടി ജനപങ്കാളിത്തം കൊണ്ടും ആസൂത്രണ മികവുകൊണ്ടും ശ്രദ്ധേയമായി. അഞ്ഞൂറില്‍ അധികം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു പുറമേ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

രാവിലെ 11നു ആരംഭിച്ച ശുദ്ധീകരണ യജ്ഞം വൈകുന്നേരം നാലോടെയാണ് സമാപിച്ചത്. ജലസ്രോതസുകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍, റോഡിനിരുവശവും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മദ്യക്കുപ്പികള്‍ എന്നിവ ശേഖരിച്ച് ഗ്രീന്‍ വാംമ്‌സ് വേസ്റ്റ് മാനേജ്‌മെന്റിന് കൈമാറി. രാവിലെ 11 ന് അടിവാരത്ത് താമരശേരി എസ്‌ഐ നൗഫല്‍ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ശോഭീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ചുരം സംരക്ഷണ സമിതി രക്ഷാധികാരി പി.കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.നന്ദകുമാര്‍, വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, സെക്്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാഗേഷ്, പുതുപ്പാടി എച്ച്‌ഐ ജനാര്‍ദ്ദനന്‍, മൊയ്തുമുട്ടായി, വി.കെ താജുദ്ദീന്‍, എം.ഇ ജലീല്‍, വി.കെ ഹുസൈന്‍കുട്ടി, ശിഹാബ് കുട്ടമ്പൂര്‍, ബിജുകണ്ണന്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെറുവാടി ജനകീയ സമിതി, മുക്കം എംഇഎസ് കോളജ്, കൈതപ്പൊയില്‍ ലിസ്സാകോളജ്, കൊടുവള്ളി ഗവ. കോളജ്, ടി.കെ ട്രസ്റ്റ് പബ്ലിക് സ്‌കൂള്‍ പുതുപ്പാടി, ഡിഎംഎ കോളജ് പുതുപ്പാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, അടിവാരം ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, പോലീസ്, വനം, ആരോഗ്യം, എന്‍എച്ച് എന്നീ വകുപ്പുകളിലെ ഉദ്വോഗസ്ഥര്‍, രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറു ഗ്രൂപ്പുകളായി തിരിച്ച് ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശുചീകരണത്തിന് ഗഫൂര്‍ ഒതയോത്ത്, കെ.കെ ബൈജു, സുലൈമാന്‍, നിസാര്‍, അഷ്‌റഫ്, മുഹസിന്‍, നസീര്‍, ബിജുമോന്‍, എം.പി സലീം, ബി.എച്ച് മുനീര്‍, ദീപു സുകുമാരന്‍, സജിത്ത്, സാഹിര്‍, ആലി, ഗിരീഷ്, സണ്ണി,മറ്റത്തില്‍ സലിം എന്നിവര്‍ നേതൃത്വം നല്‍കി. ചുരം സംരക്ഷണസമിതിയുടെ വോളണ്ടിയര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും ചുരം മേഖലയില്‍ വനം, പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply