Home » ന്യൂസ് & വ്യൂസ് » പൊലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

പൊലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമാക്കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. ഉത്തരവ് പ്രകാരം ആഴ്ചയിലെ ഒരു ദിവസം എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർബന്ധമായും യോഗ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാ പോലീസുകാര്‍ക്കും കഴിഞ്ഞ ദിവസം തന്നെ നൽകിക്കഴിഞ്ഞു. പോലീസുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിനും പോലീസുകാരുടെ ആത്മസംയമനം വളര്‍ത്തുന്നതിനുമാണ് യോഗ നിർബന്ധമാക്കിയതെന്ന് ഡിജിപി അറിയിച്ചു.
ഉത്തരവ് കൃത്യമായി നടപ്പിലാക്കേണ്ട ചുമതല അതത് പോലീസ് സ്റ്റേഷനുകളിലെ എസ്.ഐമാര്‍ക്കാണ് നൽകിയിരിക്കുന്നത്. ആരെങ്കിലും യോഗയിൽ പങ്കെടുത്തില്ലെങ്കില്‍ അവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് എസ്.ഐമാര്‍ക്ക് എസ്.പിമാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. യോഗയിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി എടുക്കുന്നതിനാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ യോഗ നിർബന്ധമാക്കുന്നതിൽ ചില ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മതവിശ്വാസത്തിനെതിരായതിനാൽ തങ്ങളെ യോഗയിൽ നിന്ന് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാണിച്ച് ഇവർ ഡിജിപിക്ക് കത്ത് നല്‍കി.
തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം ഉൾപ്പെടെ ഏഴു ജില്ലകളില്‍ ഡിജിപിയുടെ ഉത്തരവ് നടപ്പിലാക്കി തുടങ്ങി. യോഗ പരിശീലിപ്പിക്കുന്നതിന് പോലീസിലെ ട്രെയിനര്‍മാരെ കൂടാതെ സ്വകാര്യസ്ഥാപനങ്ങളിലുളളവരെയും നിയമിച്ചിട്ടുണ്ട്. പ്രശസ്ത യോഗാചാര്യനായ ബാബ രാംദേവിന്റെയും, ശ്രീ ശ്രീ രവിശങ്കറിന്റേയും സ്ഥാപനങ്ങളില്‍ നിന്നുള്ള ട്രെയിനര്‍മാരാണ് പരിശീലനത്തിന് നേത്യത്വം നല്‍കുന്നത്.

Leave a Reply