പശ്ചിമബംഗാളിലെ സാല്ബനി കറന്‍സി പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍ അധികസമയം ജോലി ചെയ്യുന്നത് അവസാനിപ്പിച്ചു. ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് അധികസമയം ജോലി ചെയ്യുന്നത് അവസാനിപ്പിച്ചത്. ഇതോടെ ദിവസേന 60 ലക്ഷം നോട്ടുകളുടെ അച്ചടി മുടങ്ങും. കഴിഞ്ഞ രണ്ടാഴ്ചയായി 12 മണിക്കൂറുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് ഇവിടുത്തെ ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്.
ഇതേ തുടര്‍ന്ന് ഇവരില്‍ പലര്‍ക്കും പുറം വേദന, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായി. തുടര്‍ന്നാണ് അധിക സമയം ജോലി ചെയ്യേണ്ടതില്ലായെന്ന് തീരുമാനിച്ചതെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ അറിയിച്ചു.
നോട്ട് നിരോധനം വന്നതിന് ശേഷം ഒമ്പത് മണിക്കൂറിന്റെ രണ്ട് ഷിഫ്റ്റും ആറ് മണിക്കൂറിന്റെ ഒരു ഷിഫ്റ്റുമായി 24 മണിക്കൂറും ഇവിടെ അച്ചടി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഷിഫ്റ്റ് മാറുമ്പോള്‍ പ്രസുകള്‍ കൂടുതല്‍ സമയം നിര്‍ത്തിയിടേണ്ടി വരുന്നതിനാല്‍ 12 മണിക്കൂറിന്റെ രണ്ട് ഷിഫ്റ്റുകളാക്കാന്‍ ആര്‍ബിഐ നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രണ്ടാഴ്ച ഇവര്‍ രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്തത്. ഇങ്ങനെ 24 മണിക്കൂര്‍ ജോലി ചെയ്ത് ദിവസം 4.60 കോടി നോട്ടുകളാണ് ഇവര്‍ അച്ചടിച്ചത്. എന്നാല്‍ ബുധനാഴ്ച മുതല്‍ പഴയ നിലയിലേക്ക് ജോലി സമയം ക്രമീകരിച്ചതിനാല്‍ അച്ചടി നാല് കോടിയായി കുറഞ്ഞു.
രണ്ടാഴ്ചത്തേക്കാണ് തങ്ങള്‍ മാനേജുമെന്റുമായി അധികസമയം ജോലി ചെയ്യാന്‍ കരാറുണ്ടാക്കിയതെന്നും ഡിസംബര്‍ 27 ന് കരാറിന്റെ കാലാവധി അവസാനിച്ചുവവെന്നും ജീവനക്കാര്‍ പറയുന്നു. രാജ്യത്ത് റിസര്‍വ് ബാങ്കിന് കീഴിലുള്ള രണ്ട് കറന്‍സി പ്രിന്റിങ് പ്രസുകളിലൊന്നാണ് സാല്ബനിയിലുള്ളത്. ഇനിയും തങ്ങളെ അധിക സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.