രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത റിംഗിങ് ബെല്‍സ് കമ്പനി പൂട്ടി. ഫ്രീഡം 251 എന്ന് പേരിട്ടിരിക്കുന്ന മൊബൈലിന്റെ നിര്‍മ്മാതാക്കളായ റിംഗിങ് ബെല്‍സ് ആണ് പൂട്ടിയത്. കമ്പനി എംഡി മോഹിത് ഗോയലും റിംഗിങ് ബെല്‍സ് ഡയറക്ടറായ അദ്ദേഹത്തിന്റെ ഭാര്യ ധര്ന ഗോയലും രാജിവെച്ചു.
കമ്പനിയുടെ നോയിഡയിലെ ഓഫീസ് രണ്ടാഴ്ചയായി പൂട്ടിക്കിടക്കുകയാണ്. കമ്പനി പൂട്ടി എന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയതോടെ വെട്ടിലായിരിക്കുന്നത് ഡീലര്‍മാരാണ്. കുറച്ചു നാളുകളായി റിംഗിങ് ബെല്‍സിന്റെ വിവരമൊന്നുമില്ലെന്നും പണം കൊടുത്ത തങ്ങള്‍ പറ്റിക്കപ്പെട്ടു എന്നുമാണ് അവര്‍ പറയുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന വിശദീകരണത്തോടെയാണ് ഇവര്‍ 251 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.
നോയിഡയിലെ ഫേസ് 3 പോലീസ് സ്റ്റേഷനില്‍ റിംഗിങ് ബെല്സിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷന്‍ 420, ഐടി ആക്റ്റിലെ 66 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോൺ വിൽപ്പനയുടെ പേരിൽ ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങൾ ശേഖരിച്ചതിനൊപ്പം ഈ വിവരങ്ങൾ മറിച്ചു വിൽക്കാനും റിംഗിങ് ബെൽസ് ശ്രമിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഈ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ഫ്രീഡം 251 രാജ്യത്തിനാകെ മാനക്കേടാകും.
