ചരിത്രങ്ങള്‍ ഏറെ പറയാനുണ്ട് കോഴിക്കോടിന്. ആ ചരിത്ര ഏടുകളില്‍ ബേപ്പുരിനെയും ഉരുവിനെയും ഒഴിച്ച് ഒന്നും ഉരിയാടാനും കോഴിക്കോടിന് സാധിക്കില്ല. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നത്തെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായമൊന്നുമില്ലാതെ ബേപ്പൂര്‍ ഉരുക്കള്‍ ചരിത്രത്തിലേക്ക് നീന്തിക്കയറി. പൂര്‍ണ്ണമായും മനക്കണക്കുകളെ മാത്രം ആശ്രയിച്ച് ബേപ്പൂരില്‍ ഉരുക്കള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ഇന്നത്തെ കപ്പല്‍ ശാലകളില്‍ ന്യുജനറേഷന് തൊഴിലാളികള്‍ക്ക് പ്രയാസമായിരിക്കും.
കപ്പലുകളേയും വലിയ ബോട്ടുകളേയും അപേക്ഷിച്ച് വെള്ളം കുറവുള്ള മേഖലകളിലൂടെ സഞ്ചരിക്കാമെന്ന മേന്മയാണ് ഉരുവിനുള്ളത്. ഇതു തന്നെയാണ് ബേപ്പൂരിലെ ഉരു നിര്‍മ്മാണ കേന്ദ്രത്തിനുള്ള സ്വകാര്യ അഹങ്കാരവും.
ഒരു കാലഘട്ടത്തില്‍ ലോകത്തിന് മുന്നില്‍ രാജ്യത്തിന് ഏറെ പ്രശസ്തി നല്‍കിയിരുന്നതാണ് ബേപ്പൂരും ഉരു നിര്‍മ്മാണ കേന്ദ്രവും. ഇന്നും ബേപ്പൂരിലെ ഉരു നിര്‍മ്മാണ ശാല തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലല്‍ നിന്നും ആള്ക്കാര് എത്തുന്നു. ഖത്തര്‍ രാജകുടുംബത്തിന് അടുത്തിടെ ആഡംബര ഉരു നിര്‍മ്മിച്ച് നല്‍കിയത് ബേപ്പൂരിലെ ഉരു നിര്‍മ്മാണ ശാലയിലെ വിദഗ്ദരാണ്.
എങ്കിലും ബേപ്പൂര്‍ ഉരു നിര്‍മ്മാണം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗള്‍ഫ് അടക്കമുള്ള മേഖലകളിലേക്ക് വ്യാപാരസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഉരു ഇന്ന് ടുറിസം, സ്വകാര്യ ആവശ്യങ്ങള്‍ക്കും മാത്രമാണ് ഉപയോഗിക്കുന്നത്. ഒരേ സമയം 20 ഓളം ഉരുക്കള്‍ നിര്‍മ്മിച്ചിരുന്ന ബേപ്പൂരില്‍ ഇപ്പോള്‍ അത് 46 എണ്ണത്തിലേക്ക് ചുരുങ്ങി. ഉരു നിര്‍മ്മാണം ബേപ്പൂരിലെ ചില പ്രദേശങ്ങളിലും അഴിക്കലും മാത്രമായി ഒതുങ്ങി കഴിഞ്ഞു. ഈ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണവും കുറഞ്ഞു വരുന്നു.
നാരായണന്, അഴിക്കലിലെ രാമദാസ് , രാജു കണ്ടമ്പറമ്പില്, ശ്രീധരന് പുഴക്കര, എടത്തുണ്ടി സത്യന് എന്നിവരാണ് ഉരു നിര്‍മ്മാണ മേഖലയിലെ ഇപ്പോഴത്തെ പ്രമുഖ മേസ്തിരിമാര്‍. ഇവര്‍ക്ക് പോലും ഇപ്പോള്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നത് കുറവാണ്. അതിനാല്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണം അടക്കമുള്ള മറ്റ് തൊഴിലിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇവര്‍.
തൊഴില്‍ മേഖലയിലെ അസ്ഥിരത വ്യവസായത്തെ വളരെ ദോഷകരമായി ബാധിക്കുന്നത് കൊണ്ട് ഇന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. ചെറിയ കപ്പല്‍, വലിയ ബോട്ട് നിര്‍മ്മാണത്തിനായ് വര്‍ഷം ചിലവഴിക്കേണ്ട സമയത്ത് അതേ വലിപ്പമുള്ള ഉരു നിര്‍മ്മിക്കാന്‍ 3 വര്‍ഷത്തോളം സമയവും 3 മടങ്ങ് മുടക്കുമുതലും ആവശ്യമാണ്.
പുറം ഭാഗത്ത് തേക്ക് അകത്ത് വാക, മെഴുക്, പ്ലാവ് എന്നിവ നിര്‍മ്മാണത്തിനായ് ഉപയോഗിക്കുന്നത്. പലപ്പോഴും ഇവയ്ക്കെല്ലാം തേക്കിനെക്കാളും വിലയാവുന്നു. ചുണ്ണാമ്പും മൃഗകൊഴുപ്പും ചൂടാക്കിയാണ് വാട്ടര്‍ ലെവല്‍ വരെ കീല് ചെയ്യുന്നത്. വര്‍ഷം തോറും കൃത്യമായി സര്‍വ്വീസ് ചെയ്താല്‍ ഉരുവിന്റെ ആയുസ്സ് വര്‍ദ്ധിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലുപം സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ പിടിച്ച് നില്ക്കാന് ഉരു വ്യവസായത്തിന് സാധിക്കുന്നില്ല. ഇനി എത്രനാള്‍ എന്നറിയില്ലെങ്കിലും കോഴിക്കോടിന്റെ ചരിത്രതാളുകളില്‍ ബേപ്പൂരും ഉരു നിര്‍മ്മാണവും തല ഉയര്‍ത്തി നില്‍ക്കുമെന്ന് ഉറപ്പ്.